thalook

തളിപ്പറമ്പ്: ലക്ഷങ്ങൾ മുടക്കി സംസ്ഥാനദുരന്ത നിവാരണ വകുപ്പിന് കീഴിൽ തളിപ്പറമ്പിൽ ഒരുക്കിയ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ അതിരൂക്ഷമായ കാലവർഷക്കെടുതി നേരിട്ട ഈ വർഷവും തുറന്നുപ്രവർത്തിച്ചില്ല. രണ്ടുവർഷം മുമ്പ് അടിസ്ഥാനസൗകര്യമെല്ലാം ഒരുക്കിയ ടി.ഇ.ഒ.സിയിലെ ഉപകരണങ്ങളെല്ലാം ഉപയോഗശൂന്യമാകുകയാണ്. വൻ തുക മുടക്കി വാങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളടക്കം പ്രവർത്തിപ്പിക്കാത്തതിനാൽ സർക്കാരിന് വൻനഷ്ടമാണ് വരാനിടയുള്ളത്.

അൻപത് വർഷത്തിലധികമായി തളിപ്പറമ്പ് താലൂക്ക് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്‌പെഷൽ ബ്രാഞ്ച് ഓഫിസും താലൂക്കാഫീസിന്റെ ഭാഗമായിരുന്ന ചെറിയ ഹാളും ഉൾപ്പെടുത്തിയാണ് തളിപ്പറമ്പിൽ ടി.ഇ.ഒ.സി ഒരുക്കിയത്.താലൂക്കിനു കീഴിലുള്ള സുപ്രധാന വകുപ്പുകളെ ഏകോപിപ്പിച്ച് പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയെന്നതായിരുന്നു ടി.ഇ.ഒ.സിയുടെ ലക്ഷ്യം.

വീഡിയോ കോൺഫറൻസ് ഹാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിനായി ഒരുക്കിയിരുന്നു. കമ്പ്യൂട്ടർ,​അനുബന്ധ സാമഗ്രികൾ,​ ക്യാമറ, ഹോട്ട്‌ലൈൻ, ഇന്റർനെറ്റ് എന്നിവ ഇവിടെ ഒരു വർഷം മുമ്പെ സജ്ജമാക്കിയിരുന്നു.ഇവയെല്ലാം ഉപയോഗശൂന്യമാകാനുള്ള സാദ്ധ്യതയാണ് നിലനിൽക്കുന്നത്.

തെക്കൻ ജില്ലകളിൽ ഒതുങ്ങി

സംസ്ഥാന തലത്തിൽ ടി.ഇ.ഒ.സികൾ ഔദ്യോഗികമായി കമ്മീഷൻ ചെയ്‌തെങ്കിലും തെക്കൻ ജില്ലകളിൽ മാത്രമാണ് പ്രവർത്തനം തുടങ്ങിയിരുന്നത്. തളിപ്പറമ്പ് താലൂക്കിൽ കാലവർഷക്കെടുതികൾ അതിരൂക്ഷമായി ട്ടും ടി.എ.ഒ.സി പ്രവർത്തനം തുടങ്ങാത്തതിൽ പ്രതിക്ഷേധം ഉയരുന്നുണ്ട്. അടുത്ത കാലവർഷത്തിലെങ്കിലും ഇവ പ്രവർത്തിച്ചുതുടങ്ങുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം.

ടി.ഇ.ഒ.സി

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് 216/ 2021 ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ മുഴുവൻ താലൂക്ക് ആസ്ഥാനങ്ങളിലും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ ആരംഭിക്കുവാൻ തീരുമാനിച്ചത്.