ഉദുമ പടിഞ്ഞാറിലെ കടലാക്രമണം തടയാൻ നടപടിയാവശ്യപ്പെട്ട് 1041 പേർ ഒപ്പിട്ട ഹരജി
കാസർകോട്: അതിശക്തമായ കടലാക്രമണം തുടരുന്ന ഉദുമയിലെ കാപ്പിൽ, കൊപ്പൽ, ജന്മ, കൊവ്വൽ കടപ്പുറങ്ങളിലെ രണ്ടു കിലോമീറ്റർ ദൂരത്തിൽ സ്ഥിരം കടൽ ഭിത്തി പണിയണമെന്ന് ആവശ്യപ്പെട്ട് തീരദേശ സംരക്ഷണസമിതി ഭാരവാഹികൾ 1041 പേർ ഒപ്പിട്ട നിവേദനം ജില്ലാ കളക്ടർ കെ. ഇമ്പശേഖരന് കൈമാറി. സമിതി ചെയർമാൻ സിലോൺ അശോകൻ, ഭാരവാഹികളായ ശ്രീധരൻ കാവുങ്കൽ, സി.പി.എം ഉദുമ ലോക്കൽ സെക്രട്ടറി രമേശൻ കൊപ്പൽ, പഞ്ചായത്ത് മെമ്പർമാരായ ജലീൽ കാപ്പിൽ, പി.കെ, ശകുന്തള എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
കടലും വീടുകളും തമ്മിൽ 16 മീറ്ററിന്റെ അകലം മാത്രമാണ് ബാക്കിയുള്ളതെന്ന് ഭീമഹരജയിൽ ഇവർ ചൂണ്ടിക്കാട്ടി. സമീപ ദിവസങ്ങളിൽ മുഴുവൻ തീരദേശവും കടലെടുക്കുന്ന ഭീതിജനകമായ അന്തരീക്ഷത്തിലാണ് തങ്ങളുടെ ജീവിതമെന്നും ശ്വാശ്വത പരിഹാരമാണ് ആവശ്യമെന്നും സംഘം ജില്ലാകളക്ടറോട് ആവശ്യപ്പെട്ടു. രൂക്ഷമായ കടലാക്രമണം അനുഭവിച്ച സാഹചര്യത്തിലും സ്ഥലെത്തെത്താത്ത കളക്ടറെ പ്രശ്നം നേരിൽ കണ്ട് മനസിലാക്കാൻ നേതാക്കൾ കടപ്പുറത്തേക്ക് ക്ഷണിച്ചു.
വേണ്ടത് ചെല്ലാനം മോഡൽ ടെട്രാപോഡ്
കടലാക്രമണവും മണ്ണൊലിപ്പും തടയാൻ നിർമ്മിക്കുന്ന കോൺക്രീറ്റ് ബ്ലോക്ക് ആണ് ടെട്രാപോഡ്. കൊച്ചിയിലെ ചെല്ലാനം ഗ്രാമ പഞ്ചായത്തിൽ ടെട്രാപോഡ് കടൽഭിത്തി പദ്ധതിയുടെ ആദ്യഘട്ടത്തിൽ 40 ശതമാനം പൂർത്തിയപ്പോൾ തന്നെ ആദ്യമായി ശാന്തമായ മൺസൂൺ കാലം തീരദേശവാസികൾ അനുഭവിച്ചിരുന്നു. ഏഴര കിലോമീറ്റർ ദൂരത്തിൽ 344 കോടി രൂപയ്ക്കാണ് അവിടെ ടെട്രാപോഡ് കടൽഭിത്തി നിർമ്മിച്ചത്. ജലസേചന വകുപ്പിന്റെ കടലാക്രമണ വിരുദ്ധ പരിപാലന യൂണിറ്റ് ആണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. ഉദുമയുടെ തീരങ്ങളിലും ടെട്രാപോഡ് പണിയണമെന്നാണ് ആവശ്യം. ഇടയ്ക്ക് ചില സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന കരിങ്കൽ ഭിത്തിയും ജിയോ ബാഗുകളും കടലെടുത്തുവെന്നും സമിതി നേതാക്കൾ പറഞ്ഞു.
എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം നൽകി: കളക്ടർ
ഉദുമ തീരദേശ മേഖലയിൽ കടലാക്രമണം തടയുന്നതിന് കടൽഭിത്തി കെട്ടുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ മേജർ ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ജില്ല കളക്ടർ പറഞ്ഞു. സമരസമിതിയുടെ നിവേദനം മേജർ ഇറിഗേഷൻ വകുപ്പിന് അയച്ചു. പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി.