dtpc

കാഞ്ഞങ്ങാട്: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ 54 ലക്ഷം മുടക്കി ഒരുവർഷം മുമ്പ് നിർമ്മാണം പൂർത്തിയാക്കി നടത്തിപ്പിനായി സംരംഭകന് കൈമാറിയ ഓപ്പൺ തീയേറ്ററിന് ഇനിയും പ്രവർത്തനാനുമതി നൽകാത്ത കാഞ്ഞങ്ങാട് നഗരസഭ പക്ഷെ ഇതോടനുബന്ധിച്ചുള്ള കഫ്തീരിയയ്ക്ക് കെട്ടിടനമ്പർ നൽകിയിട്ടുണ്ടെന്ന് വിവരം. ഓപ്പൺ തീയേറ്ററിന്റെ ഉടമസ്ഥത ആർക്കാണെന്നതടക്കം ആറോളം ചോദ്യങ്ങളുമായി ഡി.ടി.പി.സിയ്ക്ക് കത്തയച്ച നഗരസഭ എൻജിയറിംഗ് വിഭാഗം കഫ്തീരിയയ്ക്ക് നമ്പർ നൽകാൻ ഇത്തരം അന്വേഷണമൊന്നും നടത്തിയില്ല.

കാഞ്ഞങ്ങാട് നഗരത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന ഓപ്പൺ തിയേറ്ററിലുള്ള കഫ്‌ത്തേരിയക്ക് 2022 ജൂൺ 21നാണ് നഗരസഭ കെട്ടിട നമ്പർ അനുവദിച്ചത്. പതിനാലാം വാർഡിൽ 1231 എ നമ്പറുള്ള കെട്ടിടത്തിന് 2023 വരെയുള്ള നികുതിയായി 2701 രൂപയാണ് ഡി.ടി.പി.സി അടച്ചത്. ചുരുക്കത്തിൽ രണ്ട് വർഷം മുമ്പേ കെട്ടിട നികുതി അടച്ച ഓപ്പൺ തിയേറ്ററിനാണ് ഇക്കഴിഞ്ഞ ഏപ്രിൽ 5ന് നഗരസഭ ആറോളം കാര്യങ്ങൾ ഉന്നയിച്ച് നോട്ടീസ് നൽകിയത്.

സംരംഭകന് 'ത്രിശങ്കു"

നടത്തിപ്പ് കരാർ എടുത്ത സംരംഭകനിൽ നിന്ന് ആറുമാസത്തെ മുൻകൂർ വാടകയായി 3.6 ലക്ഷത്തോളം രൂപ ഡി.ടി.പി.സി കൈപറ്റിയിരുന്നു.

പ്രവർത്താനുമതിയ്ക്കായി അഞ്ചുമാസം മുമ്പാണ് പ്ളാൻ സഹിതം ഓൺലൈനായി ഡി.ടി.പി.സി നഗരസഭയിൽ അപേക്ഷ നൽകിയത്.അപേക്ഷ പരിശോധിച്ച നഗരസഭ എൻജിനീയറിംഗ് വിഭാഗം ആറോളം കാര്യങ്ങളിൽ സംശയം ഉന്നയിച്ച് ഫയൽ മടക്കിവെക്കുകയായിരുന്നു. പൂർണവിവരം നഗരസഭയ്ക്ക് അപേക്ഷയോടൊപ്പം നൽകിയിട്ടുണ്ടെന്ന് പണം കൈപ്പറ്റിയ ഡി.ടി.പി.സി വ്യക്തമാക്കുകയും ചെയ്തതോടെ വലിയ തുക മുടക്കി നടത്തിപ്പ് കരാർ ഏറ്റെടുത്ത സംരംഭകൻ ത്രിശങ്കുവിലാണിപ്പോൾ. കഫ്തീരിയയ്ക്ക് നമ്പർ നൽകുമ്പോൾ ഉടമസ്ഥത അംഗീകരിച്ച നഗരസഭ ഇതുൾപെടുന്ന ഓപ്പൺ തീയേറ്ററിൽ ഇത്തരമൊരു ചോദ്യമുന്നയിച്ചതെങ്ങനെയെന്നും ഡി.ടി.പി.സി ചോദിക്കുന്നു.