കേളകം: പിടിയിലായ മാവോയിസ്റ്റ് നേതാവ് മനോജിനെ രാമച്ചിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കേളകം ഗ്രാമ പഞ്ചായത്ത്' മെമ്പർ സജീവൻ പാലുമ്മിയെ മർദ്ദിച്ച കേസിലാണ് തെളിവെടുപ്പിനായി രാമച്ചിയിൽ എത്തിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മനോജിനെ രാമച്ചിയിൽ എത്തിച്ചത്. കനത്ത പൊലീസ് കാവലിലാണ് തെളിവെടുപ്പ് നടത്തിയത്.

മാസങ്ങൾക്ക് മുമ്പ് രാമച്ചി കോളനിയിൽ എത്തിയ മാവോയിസ്റ്റ് സംഘം പഞ്ചായത്ത് മെമ്പർ ആയ സജീവൻ പാലുമ്മിയെ മർദ്ദിക്കുകയായിരുന്നു. തെളിവെടുപ്പിനായി എത്തിച്ചപ്പോൾ ഇയാൾ ഇങ്കുലാബ് സിന്ദാബാദ്, ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, തുടങ്ങിയ ' മുദ്രാവാക്യങ്ങൾ മുഴക്കുകയുണ്ടായി.
കഴിഞ്ഞ ദിവസമാണ് മാവോവാദി നേതാവ് മനോജിനെ എറണാകുളത്ത് വച്ച് ആൻറി ടെററിസ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് മാവോയിസ്റ്റ് നേതാവ് സി.പി.മൊയ്തീനുമായി കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലെ അമ്പായത്തോട്, പാൽച്ചരം, രാമച്ചി എന്നിവിടങ്ങളിൽ ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് തെളിവെടുപ്പ് നടത്തിയിരുന്നു.