തലശ്ശേരി:പട്രോളിംഗ് നടത്തുന്നതിനിടെ പുറംകടലിൽ കാണപ്പെട്ട കാട്ടുപന്നിയെ തീരദേശ പൊലീസ് ഉദ്യോഗസ്ഥർ അതിസാഹസികമായി വലയിൽ കുരുക്കി കരയിലെത്തിച്ചു.. പന്നിയെ പിന്നീട് വനം വകുപ്പിന് കൈമാറി. ഇന്നലെ രാവിലെ 11 മണിയോടെയാണ് മാഹിയിൽ നിന്നും 6 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽ ജീവന് വേണ്ടി പിടയുന്ന സാമാന്യം വലിയ കാട്ടുപന്നി കോസ്റ്റൽ പൊലീസ് പട്രോളിംഗ് ബോട്ടിലെ ഉദ്യോഗസ്ഥ സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടത്. പന്നിയെ കടലിൽ ഉപേക്ഷിച്ചു പോരാൻ മനസു വരാത്ത ഉദ്യോഗസ്ഥർ ആദ്യം കയറിന്റെ കുരുക്കെറിഞ്ഞുവെങ്കിലും പന്നി തെന്നിമാറി. പിന്നാലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വലയുമായി കടലിൽ ചാടി. ഇതിനകം തളർന്ന് അവശയായ പന്നിയെ വലയിൽ കുരുക്കി പൊലീസ് ബോട്ടിൽ കയറ്റി തലായി ഹാർബറിൽ എത്തിക്കുകയായിരുന്നു. മല വെള്ളപ്പാച്ചിലിൽ പെരിങ്ങത്തൂർ പുഴയിലൂടെ കുത്തിയൊഴുകി കടലിൽ എത്തിയതാണെന്ന് കരുതുന്നതായി കോസ്റ്റൽ പൊലീസ് പറഞ്ഞു.എസ്.ഐ.വി.പുരുഷോത്തമൻ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ഇ.ഷാരോൺ, സി.പി.ഒ.മാരായ പി.ലിജേഷ്, കെ.കെ.നിബു, സ്രാങ്ക് അൻജിത്ത്, കോസ്റ്റൽ വാർഡന്മാരായ എം.നിരജ്ജൻ, പി.സരോഷ് എന്നിവരാണ് പട്രോളിംഗ് സംഘത്തിലുണ്ടായത്‌.