
പരിയാരം: കണ്ണൂരിലെയും കാസർകോട്ടെയും പുഴകളെയും കായലുകളെയും ഉൾപ്പെടുത്തി ടൂറിസം വകുപ്പ് വിഭാവനം ചെയ്യുന്ന മലബാർ റിവർ ക്രൂയിസ് പദ്ധതി ഈ വർഷം ഡിസംബറോടെ പ്രവർത്തനക്ഷമമാകും. കണ്ണൂർ ജില്ലയിലെ വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി എന്നീ പുഴകളും കാസർകോട്ടെ തേജസ്വിനി , ചന്ദ്രഗിരി പുഴകളും, വലിയപറമ്പ് കായൽ എന്നിവയും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് പദ്ധതി.
ന്യൂമാഹി മുതൽ നീലേശ്വരം വരെയുള്ള 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഇവിടങ്ങളിൽ 32 ബോട്ട് ടെർമിനലുകളുടെ പണി പൂർത്തിയായിട്ടുണ്ട്. ഇവയ്ക്കു പുറമെ ബന്ധപ്പെട്ട ഉത്തരവാദിത്ത ടൂറിസം പാക്കേജുകളും ഈ പദ്ധതിയുടെ ഭാഗമാവും.
മംഗലശേരിക്ക് പുറമെ ഈ വർഷം വെള്ളിക്കീൽ പുഴയിലും വള്ളംകളി ആരംഭിക്കുന്നത് ഈ പദ്ധതിയുടെ ഭാഗമായിട്ടാണ്. വടക്കേ മലബാറിനെ ജല ടൂറിസത്തിന്റെ ഹബ്ബാക്കിമാറ്റാനുള്ള പദ്ധതികളാണ് ഒരുങ്ങുന്നതെന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടൂറിസംമേഖലയായി 2025 ഓടെ വടക്കേമലബാർ മാറാൻ പോകുകയാണെന്നും മധുകുമാർ പറയുന്നു.വിവിധ ഇടങ്ങളിലേക്ക് യാത്രികരെ കൊണ്ടുപോകുന്ന ക്രൂയിസ് ബോട്ടുകളും അവയ്ക്ക് യാത്ര ചെയ്യാനുളള ജലമാർഗവും കണ്ടെത്തി രൂപകൽപ്പന ചെയ്ത് പ്രവർത്തനസജ്ജമാക്കി വരികയാണെന്ന് പദ്ധതിയുടെ അദ്ദേഹം പറഞ്ഞു
ക്രൂയിസ് പാതയോടു ചേർന്നു കിടക്കുന്ന ടൂറിസം കേന്ദ്രങ്ങളിലും ഇതോടൊപ്പം വിവിധ നിക്ഷേപസാദ്ധ്യതകൾ ഉയർന്നുവരും. 65.5 കോടി രൂപയാണ് പദ്ധതിയ്ക്ക് ആദ്യഘട്ട ചെലവായി കണക്കാക്കിയത്.എന്നാൽ ഇപ്പോൾ 80 കോടി കവിഞ്ഞേക്കും. പ്രവാസികളേയും സഹകരണ മേഖലയേയും ഉൾപ്പെടുത്തിയാണ് ഇതിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത് . കണ്ണൂർ ജില്ലയിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഇല്ലാത്തത് വിദേശ സഞ്ചാരികളുടെ വരവിനെ ബാധിക്കുന്നത് ഒഴിവാക്കാൻ സഹകരണ മേഖലയിൽ പഞ്ചനക്ഷത്ര ഹോട്ടൽ സ്ഥാപിക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്- ആർക്കിടെക്റ്റ് മധുകുമാർ
ക്രൂയിസ് ടൂറിസം
. പതിനഞ്ച് ക്രൂയിസ് ബോട്ടുകൾ, പത്ത് സ്പീഡ് ബോട്ടുകൾ, നാല് സുരക്ഷാ ബോട്ടുകൾ, രണ്ട് കടലിൽ പോകാവുന്ന ബോട്ടുകൾ, നാല് ഫ്‌ളോട്ടിംഗ് മാർക്കറ്റുകൾ, രണ്ടു ഫ്‌ളോട്ടിംഗ് ഭക്ഷണശാലകൾ, വാട്ടർ സ്‌പോർട്സ് ഉപകരണങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ, ചാനൽ മാർക്കിംഗ് മുതലായവ ഉൾപ്പെട്ടതാണ് ഈ പദ്ധതി.