തൃക്കരിപ്പൂർ: വലിയപറമ്പ് ദ്വീപ് പഞ്ചായത്തിലെ അനധികൃത മണലെടുപ്പിന്നെതിരെ കർശന നടപടിക്കൊരുങ്ങി ജില്ലാ ഭരണകൂടം. ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന യാനങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതോടൊപ്പം മണൽ കടത്തുന്ന വാഹനങ്ങളും ഡ്രൈവർമാരുടെ മൊബൈൽ ഫോണുകളും പിടിച്ചെടുക്കും.വലിയപറമ്പ് ദ്വീപ് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷനും തുടർന്ന് പടന്നയിലും ചെറുവത്തൂരിലും സംഘടി പ്പിക്കാൻ തീരുമാനിച്ച പ്രതിഷേധ പരിപാടിയുടെയും പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ഇമ്പശേഖർ വിളിച്ചു ചേർത്ത യോഗ ത്തിലാണ് തീരുമാനം. മണലെടുപ്പു പ്രദേശങ്ങൾ നിരീക്ഷിക്കാൻ സംവിധാനമേർപ്പെടുത്തുകയും മാസംതോറും ഇതിന്റെ റിപ്പോർട്ട് തയ്യാറാക്കാനും ഹോസ്ദുർഗ് തഹസിൽദാറിനെ ചുമതലപ്പെടുത്തി. സബ്കളക്ടർ സൂഫിയാൻ അഹമ്മദ്, നീലേശ്വരം നഗരസഭാ അദ്ധ്യക്ഷ ടി.വി.ശാന്ത, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.വി.സജീവൻ, സി.വി.പ്രമീള, പി.വി.മുഹമ്മദ് അസ്ലം, ഹൊസ്ദുർഗ് തഹസിൽദാർ എം.മായ തുടങ്ങിയവർ പങ്കെടുത്തു.

അധികൃതരുടെ ഭാഗത്തു നിന്നും അനുകൂലമായ ഒരു തീരുമാനം വന്നതോടെ പടന്ന, ചെറുവത്തൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്താനിരുന്ന ധർണ്ണാ സമരം തത്ക്കാലം മാറ്റിവച്ചു.