ശ്രീകണ്ഠാപുരം:പരിശുദ്ധ ലൂർദ് മാതാവിന്റെ നാമത്തിൽ പ്രതിഷ്ഠിതമായ ചെമ്പേരി ഫൊറോന ദേവാലയം ബസിലിക്ക പദവിയുടെ നിറവിൽ. ഇന്ന് നടക്കുന്ന പ്രഖ്യാപന ചടങ്ങ് നാടിന്റെ ഉത്സവമാകാനുള്ള ഒരുക്കത്തിലാണ് ഇവിടുത്തുകാർ.തലശ്ശേരി അതിരൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിനിടെയാണ് ആദ്യ ബസിലിക്ക ദേവാലയമായി ചെമ്പേരി ഫെറോന ബസലിക്ക പദവിയിലേക്ക് ഉയരുന്നത്.
ചെമ്പേരിയുടെചരിത്രം തന്നെ ചെമ്പേരി പള്ളിയുമായി അലിഞ്ഞുചേർന്നതാണ്. ചെമ്പേരി തിരുന്നാൾ മഹോത്സവം ജാതി മത ഭേതമന്യേ എല്ലാവരും കൊണ്ടാടുന്നതാണ്. ചെമ്പേരി ഫെറോന ദേവാലയത്തിന്റെ കീഴിലുള്ള നിർമ്മല ഹയർ സെക്കൻഡറി സ്‌കൂളും വിമൽ ജ്യോതി എൻജിനീയറിംഗ് കോളേജും തലശ്ശേരി അതിരൂപതയുടെ കീഴിൽ വിദ്യാഭ്യാസരംഗത്തെ മികച്ച സംഭാവനകളാണ്.
മലയോരജനതയുടെ വളർച്ച കണ്ട ദേവാലയം
സ്വാതന്ത്ര്യത്തിനു മുമ്പുള്ള മലബാർ കുടിയേറ്റകാലത്ത് നിരവധി കുടുംബങ്ങളാണ് ചെമ്പേരിയിലും പരിസരത്തും ജന്മികളിൽ നിന്ന് ഭൂമി വാങ്ങി കൃഷി തുടങ്ങിയത്. അവരുടെ ആത്മീയ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ചെമ്പേരിയിൽ ദേവാലയം പണിതത്. ആദ്യകാലത്ത് കോഴിക്കോട് അതിരൂപതയുടെ കീഴിലായിരുന്ന ഇടവക 1953ൽ തലശ്ശേരി അതിരൂപതയുടെ ഭാഗമായി. ഇപ്പോൾ സ്‌കൂൾ ഇരിക്കുന്ന സ്ഥലത്തായിരുന്നു ആദ്യത്തെ ദേവാലയം ഉണ്ടായിരുന്നത്. പിന്നീടാണ് ഇപ്പോൾ കാണുന്നയിടത്ത് സ്ഥാപിക്കപ്പെട്ടത്.
ബസിലിക്ക പദവി
മാർപ്പാപ്പയുടെ പള്ളി എന്ന പദവിയാണ് ദേവാലയത്തെ ബസിലിക്ക പദവിയിലേക്ക് ഉയർത്തുമ്പോൾ കിട്ടുന്നത്. കത്തോലിക്കാ സഭയിൽ ഒരു പ്രത്യേക ബഹുമതിയാണ് ഇത്. മാർപ്പാപ്പ ഒരു സ്ഥലം സന്ദർശിക്കുമ്പോൾ ബസിലിക്കയിൽ വച്ചാണ് വിശ്വാസികളോട് സംസാരിക്കുന്നത്. കത്തോലിക്കാ സഭയുടെ പുരാതനവും, ചരിത്രപരവുമായ പ്രാധാന്യമുള്ള ആരാധനാലയങ്ങളാണ്. ഈ പദവി ലഭിക്കുന്ന ദേവാലയങ്ങൾക്ക് പ്രത്യേക വിശുദ്ധ അടയാളങ്ങൾ, ആചാരങ്ങൾ, അവകാശങ്ങൾ എന്നിവ ഉണ്ടാവുകയും, മാർപാപ്പയുടെ പ്രത്യേക സംരക്ഷണത്തിൽ വരുകയും ചെയ്യുന്നു.എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക (നസ്രാണി പള്ളി),ഫോർട്ട് കൊച്ചി സാന്താ ക്രൂസ് കത്തീഡ്രൽ ബസിലിക്ക,വല്ലാർപാടം പള്ളി,മഞ്ഞുമാത ബസിലിക്ക,തിരുവനന്തപുരം പാളയം സെയിന്റ് മേരി, ക്യൂൻ ഓഫ് പീസ് ബസിലിക്ക,സെന്റ് ജോർജ് ബസിലിക്ക അങ്കമാലി,ചമ്പക്കുളം വലിയ പള്ളി,അർത്തുങ്കൽ പള്ളി,പുത്തൻപള്ളി,മാഹി പള്ളി എന്നിവയാണ് മലയാളമണ്ണിലെ ബസലിക്കകൾ.
ഇത് സന്തോഷത്തിന്റെ നിമിഷമാണ്.ദൈവാനുഗ്രഹമാണ്, ഭാവിയിൽ ഈ ബസലിക്ക ദേവാലയം മലബാറിലെ എല്ലാ നാനാജാതി മതസ്ഥർക്കുമുള്ള ആശ്രയവും അഭയകേന്ദ്രവും ആവട്ടെ.
ഫാ. ഡോ.ജോർജ് കാഞ്ഞിരക്കാട് ,ലൂർദ് മാതാ ബേസിലിക്ക പ്രഥമ റെക്ടർ
മലബാറിനു ലഭിച്ച വലിയ അംഗീകരമാണ് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക.
മാർ ജോസഫ് പാംപ്ലാനി ,തലശ്ശേരി ആർച്ച് ബിഷപ്