പയ്യന്നൂർ : ഓപ്പൺഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ത്രിദിന യുദ്ധവിരുദ്ധ ചലച്ചിത്രമേള കൈരളി മിനി ഓഡിറ്റോറിയത്തിൽ നാളെ ആരംഭിക്കും. നാളെ ഒന്നാം ദിവസം പലസ്തീൻ ചിത്രം 'ഗാസ, മോൺ അമോർ ' പ്രദർശിപ്പിക്കും. അതിജീവനത്തിന്റെ ദുരിതങ്ങൾക്കിടയിലും പ്രണയത്തിലാകുന്ന രണ്ട് പ്രായമായവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പതിനാറിന് ഉക്രൈൻ യുദ്ധത്തെക്കുറിച്ചുള്ള " ക്ലോണ്ടൈക് " പ്രദർശിപ്പിക്കും. മര്യാന എർ ഗൊർബാച്ച് എന്ന സംവിധായിക യുദ്ധത്തിൻ്റെ യഥാർത്ഥ അനുഭവങ്ങളിൽ നിന്നാണ് ഈ ചിത്രം രൂപപ്പെടുത്തിയത്. അവസാന ദിവസമായ 17ന് ഇറാൻ സിനിമയായ വേൾഡ് വാർ 3 പ്രദർശിപ്പിക്കും.ഹിറ്റ്ലറായി വേഷമിടാൻ ക്ഷണിക്കപ്പെടുന്ന ദരിദ്രനായ ഒരു മനുഷ്യന്റെ അനുഭവങ്ങളാണ് ഇതിൽ ചിത്രീകരിച്ചിട്ടുള്ളത്. എല്ലാ ദിവസവും വൈകീട്ട് അഞ്ചരക്കാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.