കാഞ്ഞങ്ങാട്: സ്തുത്യർഹമായ 28 വർഷത്തെ സേവനത്തിനൊടുവിൽ കിട്ടിയ വിരമിക്കൽ ആനൂകൂല്യം കാഞ്ഞങ്ങാട് നഗരത്തിൽ ഡി.ടി.പി.സി നിർമ്മിച്ച ഓപ്പൺ തീയേറ്റർ നടത്തിപ്പിന് മുതൽ മുടക്കാൻ എടുത്ത തീരുമാനത്തെ ശപിക്കുകയാണിന്ന് അറിയപ്പെടുന്ന മുൻ കായികാദ്ധ്യാപകനായ എം.അച്യുതൻ. അറുപതിനായിരം രൂപ പ്രതിമാസ വാടക നിശ്ചയിച്ച് ആറുമാസത്തെ മുൻകൂർ തുകയും കെട്ടി കഴിഞ്ഞ അഞ്ചുമാസമായി അനുമതിയ്ക്കായി നഗരസഭയുടെ പടി കയറിയിറങ്ങുകയാണ് ഇദ്ദേഹം.
ഒരു വർഷം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ ഓപ്പൺ തീയേറ്ററിന് പ്രവർത്തനാനുമതി തേടി കാഞ്ഞങ്ങാട് നഗരസഭയിൽ ഡി.ടി.പി.സി സെക്രട്ടറി അപേക്ഷ നൽകിയത് അഞ്ചുമാസം മുമ്പാണ്. ഇതോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കഫ്തീരിയ്ക്ക് കെട്ടിട നമ്പർ അടക്കം നൽകിയിട്ടും ഉടമസ്ഥത ആരെന്ന് തെളിയിക്കണമെന്നതടക്കമുള്ള ആറ് നിർദ്ദേശങ്ങൾ ചൂണ്ടിക്കാട്ടി ഡി.ടി.പി.സിയ്ക്ക് കഴിഞ്ഞ ഏപ്രിൽ നാലിന് കത്തയക്കുകയായിരുന്നു നഗരസഭ എൻജിനീയറിംഗ് വിഭാഗം.എൻജിനീയറിംഗ് വിഭാഗം ചോദിച്ചതിനെല്ലാം അപേക്ഷയിൽ മറുപടിയുണ്ടെന്നാണ് ഡി.ടി.പി.സി സെക്രട്ടറി വ്യക്തമാക്കുന്നത്.
അപേക്ഷ നൽകിയത് 2023ൽ;
മറുപടി 133 ദിവസം കഴിഞ്ഞ്
ഓപ്പൺ തിയേറ്ററിന് (ഹെറിറ്റേജ് സ്‌ക്വയർ) പ്രവർത്തനാനുമതി തേടി ഡി.ടി.പി.സി നഗരസഭയിൽ പ്ലാൻ സഹിതം പുതിയ അപേക്ഷ നൽകിയത് 2023 നവംബർ 25നായിരുന്നു. ഓപ്പൺ തിയേറ്ററിന്റെ ഉടമസ്ഥത ആർക്കാണ് എന്നതടക്കമുള്ള ചോദ്യങ്ങളുമായി ഫയൽ മടക്കുകയായിരുന്നു നഗരസഭ. കഫ്തീരിയയുടെ പേരിൽ ഈടാക്കിയ കെട്ടിടനികുതി രസീതിയിൽ ഉടമസ്ഥത വ്യക്തമാണെന്ന് ഡി.ടി.പി.സി സെക്രട്ടറി പറയുന്നു.
ഓപ്പൺ തീയേറ്ററിൽ മുഖ്യമന്ത്രിയുമെത്തി
ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രവർത്താനുമതി ലഭിക്കാത്ത ഈ ഓപ്പൺ തീയേറ്ററിലെ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നതാണ് രസകരം. ഓണാഘോഷവും നാടൻ കലാമേളയും പാർട്ടി സമ്മേളനങ്ങളുമൊക്കെ നേരത്തെ ഇവിടെ നടന്നിട്ടുണ്ട്.
നടത്തിപ്പിൽ നിന്ന് പിന്മാറുന്നുവെന്ന് കെ.അച്യുതൻ
താൻ പൂർണമായും ഈ പദ്ധതിയിൽ നിന്ന് പിന്മാറുന്നുവെന്ന് ഡി.ടി.പി.സിയിൽ നിന്ന് സംരംഭം ഏറ്റെടുത്ത ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി കൂടിയായ കെ.അച്യുതൻ പറയുന്നു. നഗരസഭ കയറിയിറങ്ങി മടുത്തു. ഇനിയും ആരെയും കാണാനും ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം നിരാശയോടെ പറഞ്ഞു.