കണ്ണൂർ: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം കൈയടക്കി അലഞ്ഞുതിരിയുന്ന കന്നുകാലികൾ. പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, സ്റ്റേഡിയം കോർണർ, ടൗൺ സ്‌ക്വയർ, റെയിൽവേ കിഴക്കേ കവാടം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നിരത്തുകളിലൂടെ വിഹരിക്കുകയാണ് കന്നുകാലി കൂട്ടം. ഇക്കാര്യത്തിൽ യാതൊരു വിധ നിയന്ത്രണങ്ങളുമില്ലാത്തത് കാൽനട വാഹന യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
അലഞ്ഞുനടക്കുന്ന കന്നുകാലികളെ പിടിച്ചടയ്ക്കുക എന്ന ലക്ഷ്യത്തോടെ കോർപറേഷന് കീഴിൽ പശുഫാം (കണ്ണൂർ കോർപറേഷൻ കേറ്റിൽ പൗണ്ട് അനിമൽ ഷെൽട്ടർ )നിർമ്മിച്ചിട്ടുണ്ടെങ്കിലും ഫാമിന്റെ പ്രവർത്തനം ഇപ്പോൾ കാര്യക്ഷമമായി നടക്കുന്നില്ല. ആറു വർഷങ്ങൾക്ക് മുൻപ് ആനിമൽ ഷെൽട്ടർ പദ്ധതി കൊണ്ടുവന്നെങ്കിലും കന്നുകാലി കൂട്ടത്തെ നിയന്ത്രിക്കാൻ കോർപറേഷന് കഴിഞ്ഞിട്ടില്ല. ഉടമകൾ ഉള്ളതും ഇല്ലാത്തതുമായ നിരവധി കന്നുകാലികളാണ് റോഡിലൂടെ നടക്കുന്നത്. ഇത് വാഹനാപകടങ്ങൾക്ക് കാരണമാകുമ്പോഴും അധികൃതർ കണ്ണടക്കുകയാണ്.
പിഴയും താക്കീതും വേണം
റോഡരികിലും നടപ്പാതയിലുമുള്ള ചാണകം കാരണം കാൽനട യാത്രകാർക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാവുന്നു. റോഡിനരികിലെ പഴം പച്ചക്കറി കച്ചവടക്കാർക്കും ശല്യമാവുന്നുണ്ട്. പശുക്കളുടെ ഉടമകളെ കണ്ടെത്തി അഴിച്ചുവിട്ടതിനുള്ള പിഴയും താക്കീതും നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കടയുടെ പുറത്ത് ഒന്നും സൂക്ഷിച്ചു വക്കാൻ പറ്റാത്ത അവസ്ഥയാണ്. തൂക്കിയിടുന്ന പഴങ്ങൾ എല്ലാം പശു വന്നു കഴിക്കും. തെളിച്ചാലും പോകില്ല. കഴിഞ്ഞ ദിവസം ബൈക്ക് യാത്രികൻ പശുവിനെ ഇടിക്കാൻ പോയി. വിചാരിക്കാതെയുള്ള അപകടങ്ങൾ അല്ലേ സംഭവിക്കുക.
ശ്രീനിവാസൻ, കടയുടമ
കന്നുകാലികൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് ശ്രദ്ധയിൽപെടുന്നുണ്ട്. വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. കന്നുകാലികളെ പിടിച്ചുകെട്ടാൻ അനുഭവ സമ്പത്തുള്ള ആളുകൾ വേണം. എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള ആളുകൾ ഇപ്പോൾ ലഭ്യമല്ല. കോൺട്രാക്ട് രീതിയിൽ ഇതു ചെയ്യാനുള്ള ഫയൽ വർക്ക് സംവിധാനം നടക്കുന്നുണ്ട്.
മുസ്ലിഹ് മഠത്തിൽ, മേയർ