kandal

പയ്യന്നൂർ: കുഞ്ഞിമംഗലം പഞ്ചായത്തിൽ കണ്ടൽച്ചെടികൾ വെട്ടി നശിപ്പിച്ച് ചതുപ്പ് നികത്തിയെന്ന പരാതിയിൽ സ്ഥലം പൂർവ്വ സ്ഥിതിയിലാക്കണമെന്ന ഹൈക്കോടതി വിധി വന്ന് ഒരു വർഷത്തിന് ശേഷം അധികൃതർ നടപടി ആരംഭിച്ചു.വിധി നടപ്പാക്കാത്തതിനെതിരെ പരിസ്ഥിതി പ്രവർത്തകൻ കുഞ്ഞിമംഗലത്തെ പി.പി.രാജൻ കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് അധികൃതരുടെ നടപടി.

ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് തഹസിൽദാർ ടി.മനോഹരന്റെ സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി തഹസിൽദാർ സെയ്ഫുദീൻ , റവന്യൂവകുപ്പ് ഉദ്യോഗസ്ഥരായ എം.സരീഷ്, ടി.പി. വീന്ദ്രനാഥ് , കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് ജീവനക്കാരായ പി.സതീശൻ, ടി.ടി.ശ്രീഗേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികൾ തുടങ്ങിയത്. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശശീന്ദ്രൻ , പഞ്ചായത്ത് മെമ്പർമാരായ സി ബാലകൃഷ്ണൻ, ടി.കല്ല്യാണി, കെ.ശോഭ, വി.ലക്ഷ്മണൻ എന്നിവരും പരിസ്ഥിതി പ്രവർത്തകരായ പി.പി.രാജൻ, നെട്ടൂർ നാരായണൻ, കെ.വി.യദു, രതീഷ് മവ്വനാൽ തുടങ്ങിയവരും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.

സി ആർ സെഡ് ഒന്ന് എയിൽ പെടുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കുഞ്ഞിമംഗലം താമരംകുളങ്ങരയിലെ പൊരൂണി വയലിലും കൈപ്പാടിലുമായി പത്ത് ഏക്കറോളം പ്രദേശത്ത് നിക്ഷേപിച്ച കെട്ടിടാവശിഷ്ടങ്ങളും പ്ലാസ്റ്റിക് അടക്കമുള്ള മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് നിലം പൂർവ്വസ്ഥിതിയിലാക്കണമെന്നും നശിപ്പിക്കപ്പെട്ട ഓരോ കണ്ടൽച്ചെടിക്കും പകരമായി ഏറ്റവും ചുരുങ്ങിയത് മൂന്ന് വീതം കണ്ടൽച്ചെടികളെങ്കിലും സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസറുടെ മേൽനോട്ടത്തിൽ നട്ടു പിടിപ്പിക്കണമെന്നുമാണ് ഹൈക്കാടതി ഉത്തരവ്. പ്രദേശത്ത് നടന്നത് 2016 ലെ വേസ്റ്റ് മാനേജ്മെന്റ് നിയമം ലംഘിച്ചുവെന്നും കോടതി കണ്ടെത്തിയിരുന്നു.

2023 ജൂൺ 23 ന് കുഞ്ഞിമംഗലത്ത് വ്യാപക ചതുപ്പ് നികത്തൽ ;കണ്ടലിന് വീണ്ടും കത്തി എന്ന തലക്കെട്ടിൽ വന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഹൈക്കോടതിയിൽ പരാതിയെത്തിയത്. 2023 ജൂലായ് 15ന് സ്ഥലത്തെ മുഴുവൻ പ്രവർത്തനങ്ങളും സ്റ്റേ ചെയ്ത് സ്ഥലം പൂർവ്വ സ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുഞ്ഞിമംഗലം താമരംകുളങ്ങരയിലെ പൊരൂണി വയലിലും കൈപ്പാടിലുമായി 10 ഏക്കറോളം സ്ഥലത്ത് കണ്ടൽക്കാട് നശിപ്പിച്ച് കെട്ടിട മാലിന്യം ഉപയോഗിച്ച് നിർമ്മിച്ച റോഡ് നീക്കുന്ന പ്രവർത്തിക്കാണ് ഇന്നലെ തുടക്കം കുറിച്ചത്.

ഒന്നിന് പകരം മൂന്ന് ഇതാദ്യം

പരിസ്ഥിതി ലംഘന പ്രശ്നത്തിൽ സ്റ്റേ അടക്കമുള്ള നടപടികകൾ സാധാരണയുണ്ടാകാറുണ്ടെങ്കിലും ചതുപ്പ് നിലം പൂർവ്വ സ്ഥിതിയിലാക്കി നശിപ്പിക്കപ്പെട്ട ഓരോ കണ്ടൽ ചെടിക്കും പകരമായി മൂന്നെണ്ണം വീതം നട്ട് പിടിക്കണമെന്ന ഉത്തരവ് അപൂർവ്വമാണെന്ന് നിയമവിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാണിക്കപ്പെടുന്നു.