കാസർകോട്: ശാസ്ത്ര സങ്കേതിക വിദ്യകളും ഓൺലൈൻ പഠന രീതികളും കൂടുതലായി നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമാവുകയും വേഗത്തിൽ സ്വീകാര്യമാവുകയും ചെയ്തു കൊണ്ടിരിക്കുമ്പോൾ വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്തിന്റെ സൺഡേ ലാബ് വരുന്നു. കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുക, വരുംകാലത്തെ സാദ്ധ്യതകളെ പുതിയ തലമുറയുടെ കൂടി പങ്കാളിത്തതോടെ സജീവമാക്കുക, ബാലസൗഹൃദ തദ്ദേശ ഭരണമെന്ന ആശയത്തോട് കൂടുതൽ ചേർന്നു നിൽക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സൺഡേ ലാബ് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് മുന്നോട്ട് വരുന്നത്.
സൺഡേ തീയേറ്റർ മാതൃകയിൽ ജില്ലാ പഞ്ചായത്തിന്റെ സ്ഥാപനമായിട്ടാകും സൺഡേ ലാബ് പ്രവർത്തിക്കുക. രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കാസർകോട് ജില്ലയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന വൈബ്രന്റ് കമ്യൂണിറ്റി ആക്ഷൻ നെറ്റ്വർക്ക് എന്ന എൻ.ജി.ഒ സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ വർഷത്തെ ബഡ്ജറ്റിൽ തന്നെ സൺഡേ ലാബിന് പരിഗണന നൽകിയിരുന്നു.
ഡിജിറ്റൽ യൂണിവേഴ്സിറ്റി, കേരള കേന്ദ്ര സർവകലാശാല, സി.പി.സി.ആർ.ഐ, കില, ഉദുമയിലെ മാരിടൈം കോളേജ്, കാർഷിക കോളേജ്, ജില്ലയിലെ മറ്റ് വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ, വർക്കിംഗ് പ്രൊഫഷണലുകൾ എന്നിവയുടെ സഹകരണവും അക്കാദമിക വൈദഗ്ദ്യവും ഗവേഷണ സാദ്ധ്യതകളും വിദഗ്ദരുടെ പ്രായോഗിക അറിവും ഉപയോഗപ്പെടുത്തി കണ്ടുപിടുത്തങ്ങളുടെയും അറിവു നിർമ്മിതിയുടെയും കേന്ദ്രമായി സൺഡേ ലാബിനെ മാറ്റിയെടുക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇ ഗവേണൻസ് ശില്പശാലകൾ, എ.ഐ ശില്പശാലകൾ, കാലാവസ്ഥ ഉച്ചകോടികൾ, സൈബർ സെക്യൂരിറ്റി ശില്പശാലകൾ, ശാസ്ത്ര പ്രദർശനങ്ങൾ എന്നിവയ്ക്ക് സൺഡേ ലാബിലൂടെ അവസരം ഉറപ്പാക്കും.
സംസ്ഥാന സർക്കാർ
ഊർജ്ജം പകർന്നു
കുട്ടികളുടെ കണ്ടെത്തലുകൾ എല്ലാ കാലത്തും ലോകത്തെ നവീകരിക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ആർട്ടിഫിഷൽ ഇന്റലിജൻസ് അടക്കമുള്ള വിഷയങ്ങൾ രാജ്യത്താദ്യമായി പാഠഭാഗമാക്കിയും ജെൻ എ.ഐ കോൺക്ലേവ് സംഘടിപ്പിച്ചും മുന്നേറുന്നതിൽ നിന്നും ഊർജം ഉൾക്കൊണ്ടാണ് ജില്ലാ പഞ്ചായത്തും ഇങ്ങനെയൊരു പദ്ധതിക്ക് രൂപം നൽകുന്നത്.
ജില്ലയിൽ ബാലശാസ്ത്രജ്ഞരുടെ ഒരു കൂട്ടായ്മ രൂപപ്പെടുത്താനും ഉന്നത ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബഹിരാകാശ വിക്ഷേപണ പരിപാടികൾ, ആകാശനിരീക്ഷണ പരിപാടികൾ, സമുദ്ര പര്യവേക്ഷണങ്ങൾ, ജൈവ വൈവിധ്യ സംരക്ഷണം എന്നിവയെ അടുത്തറിയാൻ അവസരമൊരുക്കാനും സ്‌കൂളുകളിൽ ശാസ്ത്ര പഠനത്തിലെ സമയക്കുറവ്, വിഷയ വിദഗ്ദ്ധരുടെ വിടവ്, എ.ഐ പോലുള്ള പ്രത്യേക വിഷയങ്ങളിൽ താല്പര്യരായ വിദ്യാർത്ഥികൾക്ക് സമപ്രായക്കാരായവരുടെ അഭാവം, ഭാവിയിൽ സ്‌കൂളുകളിൽ നിന്ന് തന്നെ സംഭവിക്കാവുന്ന ആശയങ്ങളും കണ്ടുപിടുത്തങ്ങളും സ്റ്റാർട്ടപ്പുകളും എന്നിങ്ങനെ വിപുലമായ സാധ്യതകൾ മുന്നിൽ കണ്ടാണ് ഈ പദ്ധതി സമർപ്പിച്ചത്.
ബേബി ബാലകൃഷ്ണൻ,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്