ശ്രീകണ്ഠപുരം: പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ശ്രീകണ്ഠപുരം ചെമ്പന്തൊട്ടി ഞണ്ണമലയിലെ ക്വാറി നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. അപകടകരമായ സ്ഥിതിയിലാണ് ക്വാറി പ്രവർത്തിക്കുന്നതെന്നും ഇത് നാടിനു വലിയ ഭീഷണിയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ഈ പ്രദേശത്ത് കനത്ത മഴ ഉണ്ടായപ്പോൾ ഉരുൾപൊട്ടൽ അല്ലെങ്കിൽ പോലും മണ്ണും വെള്ളവും മറ്റും താഴേക്ക് ജനവാസ മേഖലയിലേക്ക് ഒഴുകി വന്നു. അത് നാട്ടുകാരെ കൂടുതൽ ഭീതിയിലാക്കി. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി ക്വാറിയിൽ വന്നു പരിശോധിച്ചപ്പോളാണ് ഇവിടുത്തെ അപകടകരമായ സ്ഥിതി നാട്ടുകാർ മനസ്സിലാക്കിയത്.
ഒരു ക്വാറി നടത്തേണ്ട നടപടിക്രമങ്ങൾ ഒക്കെ കാറ്റിൽ പറത്തിയാണ് ഈ ക്വാറി മുന്നോട്ടുപോകുന്നത് എന്നാണ് ഇവിടുത്തുകാരുടെ ആക്ഷേപം. ക്വാറിക്കെതിരെ നാട്ടുകാർ ജനകീയ സമിതി ഉണ്ടാക്കി എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് മാർച്ച് നടത്തി. മാർച്ച് ഉദ്ഘാടനം ചെയ്ത സജീവ് ജോസഫ് എം.എൽ.എ ഈ കാര്യം സർക്കാറിനെ അറിയിക്കുമെന്നും ഉചിതമായ നടപടിയെടുക്കാൻ ആവശ്യപ്പെടുമെന്നും അറിയിച്ചു. ക്വാറിക്ക് പ്രവർത്തന അനുമതി ലഭിച്ചതിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാട്ടുകാരുടെ ആവശ്യം
ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കൽ മാത്രമല്ല നാട്ടുകാരുടെ ആവശ്യം. ഇവിടെയുള്ള കുഴികളൊക്കെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുക കൂടി വേണം. അല്ലെങ്കിൽ ഇത്തരം കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് പോലും അപകടത്തിന് കാരണമാവും. കാര്യങ്ങൾ വിശദമായി പഠിച്ച് പോംവഴി കണ്ടെത്തിയിട്ടില്ലെങ്കിൽ വലിയ അപകടത്തിനു തന്നെ കാരണമായേക്കാം എന്നാണ് നാട്ടുകാർ പറയുന്നത്.
നിലവിലെ അവസ്ഥ
ക്വാറിയുടെ പ്രവർത്തനം ജനകീയ സമിതിയും നാട്ടുകാരും ചേർന്ന് തടഞ്ഞു. ക്വാറിക്കെതിരെ കളക്ടർക്ക് നിവേദനം നൽകി. ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകി. ഇതുകൊണ്ടൊന്നും അപകടം ഒഴിഞ്ഞു പോകുന്നില്ല. അതുകൊണ്ട് 5000 പേർ ഒപ്പിട്ട് കളക്ടർക്കും ജിയോളജി വകുപ്പിനും ആർ.ടി.ഒയ്ക്കും റവന്യൂ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനാണ് ജനകീയ സമിതിയുടെ ഇപ്പോഴത്തെ തീരുമാനം.
സമുദ്രനിരപ്പിൽ നിന്നും 3100 ഓളം അടി മുകളിലുള്ള മലയാണ് ഞണ്ണമല. അവിടെ 2000 മീറ്ററോളം കുത്തനെ ജിയോളജിക്കൽ സർവേയുടെയോ ദുരന്തനിവാരണ അതോറിറ്റിയുടെ ഒരു മാനദണ്ഡവും പാലിക്കാതെ പ്രവർത്തിക്കുന്ന ഈ ക്വാറിക്കെതിരെ പ്രദേശവാസികൾ എല്ലാവരും ഒറ്റക്കെട്ടായി പോരാടും. അവിടെ നിർത്താതെ ഉറവ പൊട്ടി വെള്ളമൊലിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ തൊട്ടടുത്തായി വലിയൊരു കുന്നു പോലെ ടൺ കണക്കിന് മണ്ണും കല്ലും മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്നു. തോന്നും പോലെയാണ് ഖനനം നടക്കുന്നത്.
ജനകീയ കമ്മിറ്റി ചെയർമാൻ വർഗീസ് വയലാമണ്ണിൽ