തളിപ്പറമ്പ്: തിന്മകൾക്കെതിരെ കലഹിക്കുകയും തലമുറകളെ നന്മയിലേക്ക് നടത്താനുള്ള ഇടപെടൽ നടത്തുകയും ചെയ്യുന്ന പക്ഷമാണ് ഇടതുപക്ഷമെന്ന് കെ.കെ.ശൈലജ എം.എൽ.എ പറഞ്ഞു.പുരോഗമന കലാസാഹിത്യസംഘം തളിപ്പറമ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ഒ.കെ.കുറ്റിക്കോൽ സ്മാരക അവാർഡ് വിതരണം ചെയ്യുകയായിരുന്നു അവർ.
പ്രശസ്ത നാടകനടി രജിത മധു ഏറ്റുവാങ്ങി. പ്രശസ്ത ശില്പി ചിത്രൻ കുഞ്ഞിമംഗലം രൂപകൽപ്പന ചെയ്ത ശില്പവും പതിനായിരം രൂപയും അടങ്ങുന്നതാണ് ഒ.കെ കുറ്റിക്കോൽ സ്മാരക നാടക പുരസ്കാരം.തളിപ്പറമ്പ് ഏഴാംമൈൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പുരസ്‌കാര സമിതി ചെയർമാൻ കെ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.എം.കെ.മനോഹരൻ, നാരായണൻ കാവുമ്പായി, ടി.പി.വേണുഗോപാലൻ, രജിത മധു, എം.സന്തോഷ്, എസ്.പി രമേശൻ സംസാരിച്ചു.