ഇരിട്ടി: കച്ചേരിക്കടവ് ടൗൺ പരിസരം വരെ എത്തിയ കാട്ടാനകൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. വളവുപാറ കച്ചേരിക്കടവ്-പാലത്തിൻ കടവ് റീബിൽഡ് കേരള റോഡിൽ തമ്പടിച്ച കാട്ടാനകൾ ഇതുവഴി കടന്നുപോയ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി. നരിമറ്റം സണ്ണി ഫ്രാൻസിസിന്റെ പറമ്പിൽ പുലർച്ചെ എത്തിയ രണ്ട് ആനകൾ 50 വാഴകളും 75 ചുവട് മരച്ചീനിയും 25 ചേനയും രണ്ട് മാവും നശിപ്പിച്ചു.
കർണാടക വനത്തിൽ നിന്ന് ബാരാപോൾ പുഴ മുറിച്ചു കടന്നാണ് കാട്ടാനകൾ എത്തിയത്. മാസങ്ങളായി കച്ചേരിക്കടവ്, മുടിക്കയം പാലത്തുംകടവ് മേഖലകളിൽ കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിക്കാൻ തുടങ്ങിയിട്ട്. ഈ ഭാഗങ്ങളിൽ കാട്ടാന ഭീഷണിയിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ട 1.12 കോടി രൂപയുടെ പ്രവൃത്തികൾ അനിശ്ചിതത്വത്തിലാണ്.