kathiroor

തലശേരി: കതിരൂർ സൂര്യനാരായണ ക്ഷേത്രത്തിന്റെ പുറംചുമരിൽ ഇന്ത്യയിൽ ഏറ്റവും നീളമേറിയ ക്ഷേത്ര ചുമർച്ചിത്രം ഒരുങ്ങുന്നു. ജനകീയ കൂട്ടായ്മയിൽ 40 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന സംരംഭത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി.ഇതിന്റെ ചിത്രങ്ങളുടെ നേത്രോന്മീലനവും രണ്ടാംഘട്ട രചനാരംഭവും നാളെ രാവിലെ നടക്കും.

ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയനും ചിത്രകലാ അദ്ധ്യാപകൻ കെ.കെ. മാരാരും ചേർന്ന് നേത്രോന്മീലനം നിർവ്വഹിക്കും രണ്ടാംഘട്ട ചിത്രരചനയുടെ തുടക്കം ഗുരുവായൂർ ദേവസ്വം ചുമർചിത്രകലാ പഠന കേന്ദ്രം മുൻ പ്രിൻസിപ്പൽ കെ.യു.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.

400 ചതുരശ്ര അടി വിസ്തീർണം

ഒറ്റ പ്രതലത്തിൽ 2400 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രമുഖ ചിത്രകാരൻ ബബീഷ് ഒരുക്കുന്ന ചിത്രപരമ്പര രാജ്യത്തെ തന്നെ ആദ്യ സംരംഭമാണെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.പ്രദോഷശിവൻ, ഗണപതി, അനന്താസന വിഷ്ണു, തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ പെടുന്നു. ചിത്ര ഗ്രാമമായി അറിയപ്പെടുന്ന കതിരൂരിന്റെ ടൂറിസം സാദ്ധ്യത കൂടി പരിഗണിച്ചാണ് ഇത്തരം ദേശിയ ശ്രദ്ധയാകർഷിക്കുന്ന അപൂർവ്വ രചനകൾ ഒരുക്കുന്നത്.

ഫണ്ട് ഏറ്റുവാങ്ങി സ്പീക്കർ

ചരിത്രത്തിന്റെ ഭാഗമാവുന്ന ക്ഷേത്ര ചുമർചിത്രപൂർത്തീകരണത്തിനുള്ള ഫണ്ട് കതിരൂർ ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ഏറ്റുവാങ്ങി. ഫാദിൽ ഗ്രൂപ്പ് ടൂർസ് ആന്റ് ട്രാവൽസ് ഉടമ അബ്ദുൽ ലത്തീഫ് കെ.എസ്.എ ഒരു ലക്ഷം രൂപ ചിത്ര നിർമ്മാണത്തിനായി നൽകി. വ്യത്യസ്ത മേഖലയിലുള്ളവർ അവരുടെ രക്ഷിതാക്കളുടെയും കുടുംബങ്ങളുടെയും സ്മരണകൾക്കായി ചിത്രങ്ങൾ സ്‌പോൺസർ ചെയ്യുമെന്നും കെ.വി.പവിത്രൻ, കെ.എം.ശിവകൃഷ്ണൻ, സി.വി. ധനേഷ്, കെ.സി.സദാനന്ദൻ, ഒ.ഹരിദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.