കണ്ണൂർ: കൃഷിവകുപ്പിന്റെ സംസ്ഥാന തല അഗ്രി അവാർഡിന് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എൽ അർഹത നേടി. കരിന്തളം യൂണിറ്റിൽ നടത്തിയ പച്ചത്തുരുത്ത് പാഷൻ ഫ്രൂട്ട് കൃഷി, കുറ്റ്യാട്ടൂർ മാങ്ങ, മഞ്ഞൾ, ഇഞ്ചി, വാഴ ഉൾപ്പെടെ മറ്റു വിവിധതരം കൃഷി രീതികൾ എല്ലാം പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്. കെ.സി.സി.പി.എൽ നേതൃത്വത്തിൽ ആരംഭിച്ച പച്ചതുരുത്ത് കൊടിയ വരൾച്ചയിലും നിറഞ്ഞ് പൂത്ത് നിൽക്കുകയായിരുന്നു. അതിനു മുൻപ് തരിശായി കിടക്കുന്ന പ്രദേശമായിരുന്നു.
1700 ഇനങ്ങളിലുള്ള പ്രാദേശികമായി മാത്രം വളരുന്ന സസ്യങ്ങൾ കൊണ്ടുവന്നു നട്ടു. നെന്മേനിവാക, പുന്ന പോലുള്ള വംശനാശം നേരിടുന്ന സസ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. കൊടും വരൾച്ചയിലും നന്നായി വെള്ളം നനച്ചു പരിപാലിക്കുന്നതിനു തൊഴിലാളികളുടെ കൂട്ടായ സഹകരണം ഇതിലുണ്ട്. ശലഭങ്ങൾ, തേനീച്ചകൾ എന്നിവയെ പച്ചതുരുത്ത് ആകർഷിക്കുകയും അവയിലൂടെ സമീപ പ്രദേശത്തുള്ള കാർഷിക വിളകളിലെ പരാഗണത്തിനു കാരണമാവുകയും ചെയ്യുന്നു.
പഴയങ്ങാടി യൂണിറ്റിൽ ചെണ്ടുമല്ലി കൃഷി വലിയ ശ്രദ്ധനേടിയിരുന്നു. മാടായിയിൽ ബയോ ഡൈവേഴ്സിറ്റി പാർക്ക് ആരംഭിക്കുന്നതിനുള്ള അണിയറ പ്രവർത്തനം നടക്കുന്നുണ്ട്. മാങ്ങാട്ട്പറമ്പിൽ പാഷൻ ഫ്രൂട്ട് വലിയ തോതിൽ വിജയിച്ചിരുന്നു. ഇപ്പോൾ അവിടെ ഡ്രാഗൺ ഫ്രൂട്ട് പരീക്ഷണാടിസ്ഥാനത്തിൽ വച്ചത് വിജയിച്ചിട്ടുണ്ട്. നീലേശ്വരത്ത് (പുതുക്കൈ) തെങ്ങ് ,വാഴ കൃഷിയും വൻ വിജയം നേടി. കരിന്തളം യൂണിറ്റിൽ പുതുതായി രണ്ടു പച്ചത്തുരുത്തുകൂടി സൃഷ്ടിക്കാനും പത്ത് ഏക്കറിലേക്ക് കുറ്റ്യാട്ടൂർ മാവും മറ്റു കൃഷി രീതികളും വ്യാപിപ്പിക്കാനും പദ്ധതി ഉള്ളതായി കെ.സി.സി.പി.എൽ ചെയർമാൻ ടി.വി.രാജേഷും മാനേജിംഗ് സയറക്ടർ ആനക്കൈ ബാലകൃഷ്ണനും പറഞ്ഞു.