തളിപ്പറമ്പ്: പ്രമുഖ ശിവക്ഷേത്രമായ രാജരാജേശ്വര ക്ഷേത്രത്തിന്റെ പ്രധാന കവാടം എട്ട് കോടി മുടക്കി പുനർനിർമ്മിക്കാൻ തീരുമാനം. കാലപ്പഴക്കത്താൽ ഏത് നിമിഷവും കവാടം ഇടിഞ്ഞുവീഴാൻ സാദ്ധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം പരിശോധന നടത്തിയ എൻജിനീയർ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ടി.ടി.കെ ദേവസ്വം ട്രസ്റ്റി ബോർഡ് യോഗം പുതുക്കിപ്പണിയാൻ ത്വരിതപ്പെടുത്താൻ തീരുമാനിച്ചത്.
മൂന്നുവർഷം മുമ്പാണ് കവാടം പുതുക്കിപ്പണിയാൻ ആലോചന നടന്നത്. ക്ഷേത്ര തന്ത്രി ഇടവലത്ത് പുടയൂർ കുബേരൻ നമ്പൂതിരിപ്പാട് മുൻകൈയെടുത്ത് ടി.വി.എസ് ഗ്രൂപ്പുമായി ഈ കാര്യം അന്ന് ചർച്ച ചെയ്തിരുന്നു. ഇവർ തളിപ്പറമ്പിലെത്തി കാര്യങ്ങൾ പഠിച്ചെങ്കിലും പ്രവൃത്തി ചില സാങ്കേതിക കാരണങ്ങളാൽ തുടങ്ങാൻ കഴിഞ്ഞില്ല. പഴമ നഷ്‌ടപ്പെടുത്താതെ പുനർനിർമ്മാണം നടത്താനാണ് ഇപ്പോൾ തീരുമാനിച്ചത്. ടി.വി.എസ് ഗ്രൂപ്പ് ഉടൻ തന്നെ തളിപ്പറമ്പിലെത്തും. പുതുക്കിപ്പണിയുന്നതിനായുള്ള മുഴുവൻ തുകയും ടി.വി. എസ് ഗ്രൂപ്പ് പോൺസർ ചെയ്യുമെന്ന പ്രതീക്ഷയാണ് ക്ഷേത്രം ഭാരവാഹികൾ.
പുതുക്കിപണിയാൻ ചിലവ് ₹ 8 കോടി
ചെങ്കൽ കവാടം
നൂറ്റാണ്ടുകൾക്ക് മുമ്പ് സിമന്റും പൂഴിയും ഉപയോഗിക്കാതെ ആയിരക്കണക്കിന് ചെങ്കല്ല് ഉപയോഗിച്ച വാസ്തു ശാസ്ത്രപ്രകാരം നിർമ്മിച്ചതാണ് കവാടം.കവാടത്തിലെ മുഴുവൻ കല്ലുകളും ഇളക്കിയെടുത്ത് പൊട്ടിയ കല്ലുകൾ മാത്രം മാറ്റി അതേ രീതിയിൽ വീണ്ടും പണിയാനാണ് പദ്ധതി.