പരിയാരം: മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കാൻ കാരണമെന്ന് സംശയിച്ച് പരിശോധിച്ച മൂന്നിടങ്ങളിലേയും വെള്ളത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ്. പറവൂർ കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേയും, സമീപത്തെ കുളത്തിലേയും, കുട്ടിയുടെ വീട്ടുകിണറിലേയും വെള്ളത്തിന്റെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. ഇവിടങ്ങളിലെ വെള്ളത്തിൽ അമീബിക് ബാക്ടീയ സാന്നിദ്ധ്യം ഇല്ല എന്നാണ് പരിശോധനാ ഫലം. അമീബിക് മസ്തിഷ്‌ക്കജ്വരം ബാധിച്ച കുട്ടിയും കുടുംബവും ഇവിടെ കുളിച്ചിരുന്നു എന്ന റിപ്പോർട്ടിലാണ് കാരക്കുണ്ട് വെള്ളച്ചാട്ടത്തിലെ വെള്ളം ആരോഗ്യവകുപ്പ് അധികൃതർ പരിശോധനക്കായി ശേഖരിച്ചിരുന്നത്. വെള്ളച്ചാട്ടത്തിന്റെ ഉറവിടമായതിനാൽ കുളത്തിലേയും, കുട്ടിയുടെ വീട്ടുകിണറിലേയും വെള്ളവും ശേഖരിച്ചു. ഇത് പോണ്ടിച്ചേരിയിലെ വിനായക മെഡിക്കൽ കോളേജിലെ ലാബിൽ പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു. കുട്ടി നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.