നെയ്ത്ത് തൊഴിലാളികളും ജീവനക്കാരും പട്ടിണിയിലേക്ക്
കണ്ണൂർ:ജില്ലയിലെ നെയ്ത്തുതൊഴിലാളികൾക്ക് കൂലി ലഭിച്ചിട്ട് ഏഴുമാസവും കൈത്തറി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ട് ആറു മാസവും പിന്നിടുന്നു. അടിയന്തിരമായി ഇടപെടലുണ്ടായില്ലെങ്കിൽ തങ്ങളുടെ ഓണം പട്ടിണിയുടേതാകുമെന്നാണ് ഇവരുടെ പരിദേവനം.
തൊഴിലാളികളുടെ സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ സംഘങ്ങൾ തന്നെ സാമ്പത്തിക, നിക്ഷേപ പദ്ധതികൾ നടപ്പാക്കുകയാണിപ്പോൾ.ഇതിൽ മിക്ക സംഘങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. തടഞ്ഞുവച്ച റിബേറ്റ് തുക ലഭിക്കാത്തതാണ് ഒരു പ്രതിസന്ധി. ഇതിന് പിന്നാലെ കേന്ദ്ര സർക്കാർ റിബേറ്റ് നിറുത്തലാക്കിയതും ഉത്പാദനത്തെ ബാധിച്ചു നിലവിൽ സംഘങ്ങൾക്ക് ആവശ്യത്തിനുള്ള നൂൽ ലഭിക്കാത്ത അവസ്ഥയമുണ്ട്.നെയ്ത്തുകാർക്കും ജീവനക്കാർക്കുമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും യഥാസമയം നൽകുവാൻ സാധിക്കാത്തതിന് പുറമെ നിയമപ്രകാരം സമയബന്ധിതമായി നൽകേണ്ട പ്രോവിഡന്റ് ഫണ്ട് തുക, വിരമിച്ച ജീവനക്കാരുടെ ക്ഷാമബത്ത, സറണ്ടർ തുക എന്നിവയും കിട്ടാത്ത അവസ്ഥയുണ്ട്.
ഇതിന് പുറമേ സർക്കാരിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുവാനുള്ള തുകകൾ ലഭിക്കുന്നതിലും ദീർഘമായി കാത്തിരിക്കേണ്ട അവസ്ഥയാണ്.
5 വർഷത്തെ പ്രൊഡക്ഷൻ ഇൻസെന്റീവ് തൊഴിലാളികൾക്ക് കുടിശ്ശിക
35 കോടിയാണ് തുണി കൊടുത്ത വകയിൽ ഹാൻടെക്സ് സംഘങ്ങൾക്ക് നൽകാനുള്ളത്
18ശതമാനം ജി.എസ്.ടി നൂലിന് നൽകേണ്ടിവരുന്നത് സംഘങ്ങളെ ബാദ്ധ്യതയിലാഴ്ത്തുന്നു
കൂലി കിട്ടാതെ ആര് നിൽക്കും
മാസങ്ങളായി വേതനം കിട്ടാതായായതോടെ തൊഴിലാളികൾ കൈത്തറിയെ കൈവിടുന്ന സാഹചര്യമാണ് മുന്നിലുള്ളത്. ഇതിനകം നിരവധി പേർ മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞുകഴിഞ്ഞു. സംസ്ഥാന ഹാൻഡ്ലൂം സൊസൈറ്റീസ് അസോസിയേഷൻ സർക്കാരിലേക്ക് നിരവധി നിവേദനങ്ങളയച്ചതിനും ഫലമുണ്ടായില്ല. കൂലി കിട്ടാത്തതിനാൽ തൊഴിലാളികൾക്ക് പി.എഫ്, ഇ.എസ്.ഐ, ക്ഷേമനിധി എന്നിവയിൽ പണമടക്കാനും സാധിക്കുന്നില്ല. ഈ തൊഴിലാനുകൂല്യവും നഷ്ടമാകുന്ന സ്ഥിതിയാണ് .
യൂണിഫോം പദ്ധതി സഹായമായില്ല
കൈത്തറി സംഘങ്ങളെ സംരക്ഷിക്കാനാണ് സർക്കാർ കൈത്തറി യൂണിഫോം പദ്ധതി മുന്നോട്ട് വച്ചത്. ഈ പ്രഖ്യാപനം തൊഴിലാളികൾക്ക് ആശ്വാസമായിരുന്നു. എന്നാൽ യൂണിഫോം ഉത്പ്പാദിപ്പിച്ച് കഴിഞ്ഞപ്പോൾ സർക്കാർ കൈമലർത്തുകയായിരുന്നു. 40 കോടിയോളം രൂപയാണ് ഈയിനത്തിൽ തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്. ഹാൻടെക്സിന് തുണി നൽകിയ വകയിലും സംഘങ്ങൾക്ക് വലിയ തുക ലഭിക്കാനുണ്ട്. കുടിശിക മുഴുവനായും നൽകി ഈ മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കണമന്നാണ് നെയ്ത്തുകാരുടെ ആവശ്യം.
പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയും വ്യവസായ ,ധനകാര്യമന്ത്രിമാരും ഉൾപ്പെട്ട് ചേർന്ന യോഗത്തിൽ അടിയന്തിര നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഹാൻവീവിന് പ്രവർത്തന മൂലധനത്തിന്റെ അഭാവം പരിഹരിക്കുന്നതിനായി കേരള ബാങ്കിൽ നിന്നും എട്ടു കോടി രൂപയുടെ ധനസഹായത്തിന് സർക്കാർ ഗ്യാരണ്ടി ലഭിച്ചു. ഇത് കിട്ടിയാൽ ഹാൻവീവിന്റെ നിലവിലുള്ള പ്രവർത്തനം മെച്ചപ്പെടും.
ടി.കെ.ഗോവിന്ദൻ ,ഹാൻവീവ് ചെയർമാൻ