നീലേശ്വരം: ദേശീയപാത വികസനം അതിവേഗതയിൽ നടക്കുമ്പോഴും നീലേശ്വരം നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിൽ അവ്യക്തത തുടരുന്നു. ഇതിനായി നിലവിലുള്ള ദേശീയപാത നിർമ്മാണത്തിൽ എം ബാങ്ക്ഡ് റോഡിന് പകരം മാർക്കറ്റ് റോഡിൽ ആകാശപാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരത്തെ ഇടത് -വലത് മുന്നണികൾ മത്സരിച്ച് സമരം നടത്തിയിരുന്നു. നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് നിവേദനം നൽകുകയും ചെയ്തിരുന്നു.

മറ്റ് കേന്ദ്രങ്ങളിൽ ആകാശപ്പാതയും, അണ്ടർ പാസേജിനും വേണ്ടി സർവകക്ഷി നേതൃത്വത്തിൽ സമരം നടത്തി ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്‌തെങ്കിലും നീലേശ്വരത്ത് മാത്രം ആകാശപാത നേടിയെടുക്കാൻ ആയില്ല. പടന്നക്കാട് നിർമ്മിക്കുന്ന റെയിൽവേ ഓവർ ബ്രിഡ്ജ് കഴിഞ്ഞാൽ അര കിലോമീറ്റർ ദൂരത്തിൽ പടന്നക്കാട് തോട്ടത്തിനരികെ നിലവിൽ അണ്ടർ പാസേജുണ്ട്. വീണ്ടും നീലേശ്വരം പുഴക്ക് ഏഴ് മീറ്ററോളം ഉയരത്തിൽ ഓവർ ബ്രിഡ്ജ് പണിയുന്നുണ്ട്. ഇവിടന്ന് ഇങ്ങോട്ടാണ് എം ബാങ്ക്‌ഡ് റോഡ് വരുന്നത്.

തൊട്ടടുത്ത് തന്നെ നീലേശ്വരം രാജാ റോഡിലേക്കുള്ള വഴിയിൽ നാല് മീറ്റർ ഉയരത്തിൽ അണ്ടർ പാസേജ് പണിയുന്നുണ്ട്. ഇത് ആദ്യം നാല് മീറ്റർ വീതിയിൽ ആണ് പണിയാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും രാജ് മോഹൻ ഉണ്ണിത്താൻ എം.പി. വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ 7 മീറ്റർ വീതിയിൽ നിർമ്മിക്കാൻ മന്ത്രി അനുമതി നൽകിയതായി രാജ് മോഹൻ ഉണ്ണിത്താൻ എം.പി. കേരളകൗമുദിയോട് പറഞ്ഞു. തൊട്ടടുത്ത് തന്നെ പൊലീസ് സ്റ്റേഷന് മുന്നിലും അണ്ടർ പാസേജ് നിർമ്മിക്കുന്നുണ്ട്.

അടയുന്നത് രാജാ റോഡിലേക്കുള്ള പ്രവേശനം

ആറ് വരിപ്പാതയുടെ ഇരുവശങ്ങളിലും സമീപന റോഡ് വരുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും തീരദേശ മേഖലയായ തൈക്കടപ്പുറം, കോട്ടപ്പുറം റോഡിൽ നിന്ന് മാർക്കറ്റ് റോഡിലൂടെ രാജാ റോഡിലേക്കുള്ള പ്രവേശനത്തെ സംബന്ധിച്ചാണ് അവ്യക്തത തുടരുന്നത്. പടന്നക്കാട് ഓവർ ബ്രിഡ്ജ്, തോട്ടം അണ്ടർ പാസേജ്, നീലേശ്വരം പാലം, വീണ്ടും തൊട്ടടുത്തുള്ള രണ്ട് അണ്ടർ പാസേജ് എന്നിവയിലൂടെയുള്ള റോഡിന്റെ ഉയരം നോക്കിയാൽ എങ്ങനെയാണ് നീലേശ്വരം ബസ് സ്റ്റാൻഡും കിഴക്കൻ ഭാഗത്തേക്കുള്ള ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ വരുന്നതിനെ സംബന്ധിച്ചാണ് നാട്ടുകാർക്കിടയിൽ അവ്യക്തത തുടരുന്നത്.