പയ്യന്നൂർ: നഗരസഭ പരിധിയിലുള്ള പയ്യന്നൂർ എഫ്.സി.ഐ. ഗോഡൗൺ റോഡ് സർക്കാർ പൊതുമരാമത്ത് വിഭാഗം ഏറ്റെടുത്ത് മെക്കാഡം ടാറിംഗ് ചെയ്യണമെന്ന് നഗരസഭ കൗൺസിൽ യോഗം. ദിനം പ്രതി ഭാരം കയറ്റിയ നിരവധി ലോറികൾ കടന്ന് പോകുന്നതിനാൽ റോഡ് തകരുന്നത് പതിവാണെന്നും അറ്റകുറ്റപണികൾ നടത്തിയാലും റോഡ് തകരുന്നതിന് കുറവില്ലെന്നും പൊതുമരാമത്ത് ഏറ്റെടുത്ത് മെക്കാഡം ടാറിംഗ് നടത്തുക മാത്രമേ പോം വഴിയുള്ളുവെന്നും ചെയർപേഴ്സൺ കെ.വി.ലളിത അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. പ്രമേയം കൗൺസിൽ ഐക്യകണ്ഠേന അംഗീകരിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ സംഭാവന നൽകുവാൻ തീരുമാനിച്ചു. നഗരസഭയിലെ ഒട്ടുമിക്ക റോഡുകളും പൊട്ടിപൊളിഞ്ഞ് യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയിലാണെന്നും , പ്രവൃത്തി നടക്കുമ്പോൾ അധികൃതരുടെ ശ്രദ്ധ വേണ്ട വിധത്തിൽ പതിയുന്നില്ലെന്നും , പ്രവൃത്തിക്ക് മേൽ നോട്ടം വഹിക്കുവാൻ മോണിറ്ററിംഗ് കമ്മിറ്റി രൂപികരിക്കണമെന്നും പ്രതിപക്ഷത്ത് നിന്നും കോൺഗ്രസിലെ എ.രൂപേഷ് ആവശ്യപ്പെട്ടു.

ഈ പ്രാവശ്യം ഉണ്ടായ അതിവർഷം കാരണമാണ് റോഡ് പൊട്ടിപൊളിയുവാൻ ഇടയാക്കിയതെന്നും, റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്നും മഴവിട്ട് നിന്നാൽ റോഡ് റിപ്പയർ ചെയ്യാമെന്ന് കരാറുകാർ അറിയിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ പറഞ്ഞു. ഇത് സംബന്ധിച്ച് കാരാറുകാർക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. അതിനിടക്ക് വേണ്ടുന്ന ചെറിയ അറ്റകുറ്റപണികൾ നഗരസഭ ചെയ്തിട്ടുണ്ട്. നഗരസഭയിൽ പലസ്ഥലത്തും നിർമ്മാണ പ്രവൃത്തികൾ നടക്കുമ്പോൾ , നാമമാത്രമായ ഉദ്യോഗസ്ഥർക്ക് എല്ലാ സ്ഥലത്തും നേരിട്ട് നിന്ന്‌ മേൽനോട്ടം വഹിക്കുന്നതിന് പരിമിതികളുണ്ടെന്നും , അതാത് വാർഡിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുന്നത് നല്ലതാണെന്നും ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു.

കണ്ടോത്ത് - പുതിയങ്കാവ് റോഡിൽ മാലിന്യം തള്ളിയ വാഹനങ്ങളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞത് വ്യക്തമാകാത്തതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വഷണത്തിൽ ഗുഡ്സ് ഓട്ടോകളും ഡ്രൈവർമാരെയും പിടികൂടിയ പൊലീസ് അധികൃതരെ കൗൺസിൽ അനുമോദിച്ചു. യോഗത്തിൽ ചെയർപേഴ്സൺ കെ.വി. ലളിത അദ്ധ്യക്ഷത വഹിച്ചു.