rank-list

കൂത്തുപറമ്പ് : അന്തർജില്ലാ സ്ഥലംമാറ്റത്തിന്റെ തോതിൽ വർദ്ധനവ് വരുത്തി ഇറങ്ങിയ ഉത്തരവിൽ തുടർനടപടി ഇല്ലാത്തത് റാങ്ക് ലിസ്റ്റിലുള്ള അദ്ധ്യാപക ഉദ്യോഗാർത്ഥികളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ മേയിലാണ് ഹൈസ്കൂൾ അദ്ധ്യാപകർക്ക് പതിനഞ്ചും പ്രൈമറി അദ്ധ്യാപകർക്ക് ഇരുപത് ശതമാനവുമായി അന്തർജില്ലാ സ്ഥലമാറ്റത്തിന്റെ തോത് വർദ്ധിപ്പിച്ചത്. ഇത്രയും പേർ സ്ഥലംമാറിപ്പോയാൽ പകരം നിയമനം ലഭിക്കുമെന്നതാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ. എന്നാൽ തുടർനടപടി വൈകുന്നത് കാലാവധി അവസാനിക്കാറായ പട്ടികയിലുള്ള ഉദ്യോഗാർത്ഥികളെ സമ്മർദ്ദത്തിലാഴ്ത്തുകയാണ്.

1998 മുതൽ 2021 വരെയുള്ള കാലയളവിൽ 30 ശതമാനം വരെ അന്തർജില്ല സ്ഥലംമാറ്റം അനുവദിച്ചിരുന്നു. കാസർകോട്, വയനാട്, പാലക്കാട്, ഇടുക്കി, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ അക്കാലത്ത് കൂടുതൽ നിയമനങ്ങളും നടന്നു .എന്നാൽ ജോലിയിൽ കയറിയതിന് പിന്നാലെ സ്വന്തം ജില്ലകളിലേക്ക് മാറ്റത്തിന് ശ്രമിക്കുന്ന അവസ്ഥ പിന്നാക്കജില്ലകളുടെ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ 2021ൽ അന്തർജില്ല സ്ഥലംമാറ്റത്തിന്റെ തോത് പത്ത് ശതമാനമാക്കി കുറച്ചു.ഇതോടെ ഒഴിവുകളുടെ എണ്ണത്തിലും നിയമനത്തിലും കുറവ് വന്നു. ഈ അപാകത പരിഗണിച്ചാണ് 2024 മേയിൽ അന്തർജില്ലാ സ്ഥലംമാറ്റനിരക്കിൽ വർദ്ധനവോടെ പുതിയ ഉത്തരവ് ഇറങ്ങിയത്.

വകുപ്പിനെതിരെ ഉദ്യോഗാർത്ഥികൾ

പുതിയ ഉത്തരവ് വന്നതോടെ ധാരാളം ഒഴിവുകൾ ഉണ്ടാകുമെന്ന് ഉദ്യോഗാർത്ഥികൾ പ്രതീക്ഷിച്ചിരുന്നു.എന്നാൽ ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ ആകെയുള്ള ഒഴിവുകൾ കേഡർ സ്ട്രംഗ്ത് അടിസ്ഥാനത്തിലുള്ള പഴയ ഉത്തരവ് പ്രകാരമാണ് കണക്കാക്കിയത്. ഇതുവഴി അന്തർജില്ല സ്ഥലംമാറ്റം ഇല്ലാതാക്കാൻ ജില്ലാ വിദ്യാഭ്യാസ വകുപ്പുകൾ ശ്രമിക്കുന്നതെന്നും റാങ്ക് ഹോൾഡേഴ്സ് പറയുന്നു.

റാങ്ക് ജേതാക്കളുടെ വാദം

ഓരോ വർഷവും ജില്ലകളിൽ ഉണ്ടാകുന്ന ഒഴിവുകൾ അടിസ്ഥാനമാക്കി സ്ഥലംമാറ്റ നടപടി സ്വീകരിക്കണം

പുതിയ ലിസ്റ്റിലുള്ളവർ ഭൂരിഭാഗവും സ്വന്തം ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ

വടക്കൻജില്ലകളിലും പിന്നാക്കജില്ലകളിലുമുള്ള മറ്റ് ജില്ലക്കാരുടെ അപേക്ഷ പരിഗണിക്കണം

ഇതുവഴി വരുന്ന ഒഴിവുകളിൽ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നൽകണം