പാനൂർ: എസ്.എഫ്.ഐ- എം.എസ്.എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് പേർക്ക് പരിക്ക്. പൊലീസ് ലാത്തിവീശി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെ പാനൂർ ലീഗ് ഓഫീസിന് മുന്നിലാണ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. ആഹ്ലാദ പ്രകടനം നടത്തുകയായിരുന്ന എം.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്നതാണ് ഇവരുടെ ആരോപണം. എന്നാൽ എം.എസ്.എഫ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് എസ്.എഫ്.ഐ ആരോപിച്ചു. സാരമായി പരിക്കേറ്റ എം.എസ്.എഫ് പ്രവർത്തകരായ 3 പേരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ 3 എസ്.എഫ്‌.ഐ പ്രവർത്തകർ പാനൂർ ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനത്തെ തുടർന്ന് എം.എസ്.എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പൊലീസെത്തിയിട്ടും ഉപരോധം തുടർന്നതോടെ പൊലീസ് ലാത്തി വീശി. സംസ്ഥാന നേതാവുൾപ്പടെ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.