കണ്ണൂർ: കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തിയ പണിമുടക്കിൽ ജില്ലയിലെ ആശുപത്രികൾ സ്തംഭിച്ചു. ഐ.എം.എയുടെ നേതൃത്വത്തിൽ അടിയന്തിര സേവനം ഒഴികെയുള്ളവ ബഹിഷ്‌ക്കരിച്ചാണ് ഡോക്ടർമാർ പണിമുടക്കിയത്.കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, ഹൗസ് സർജൻസ്, എം.ബി.ബി.എസ്, നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവരും പ്രതിഷേധത്തിന്റെ ഭാഗമായി.
കണ്ണൂർ ജില്ലാ ആശുപത്രി, പരിയാരം കണ്ണൂർ മെഡിക്കൽ കോളജ്, അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്, തളിപ്പറമ്പ്, തലശേരി, ഇരിട്ടി താലുക്ക് ആശുപത്രികൾ, ജില്ലയിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഒ.പികൾ മുടങ്ങി. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലേയും ഡോക്ടർമാർ ഒ.പി പൂർണമായും ബഹിഷ്‌ക്കരിച്ചു. സമരം അറിയാതെ ആശുപത്രികളിൽ എത്തിയ രോഗികൾ മടങ്ങി.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ രണ്ട് ഡോക്ടർമാർ മാത്രമാണുണ്ടായിരുന്നത്. ഒ.പിയിൽ ഡോക്ടർമാരില്ലാത്തതിനാൽ രോഗികളിൽ പകുതിപേരും അത്യാഹിത വിഭാഗത്തെ ആശ്രയിച്ചു.അടിയന്തിര പ്രാധാന്യമുള്ള കേസുകൾ മാത്രമാണ് ഡോക്ടർമാർ പരിശോധിച്ചത്.
മലയോര മേഖലകളിൽ നിന്നടക്കം പണിമുടക്ക് അറിയാതെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ എത്തിയവർ ഏറെ വലഞ്ഞു. രാവിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധറാലി സംഘടിപ്പിച്ചു. രാവിലെ പത്തിന് ഐ.എം.എ ഹാളിൽ നിന്നാണ് റാലി തുടങ്ങിയത്. അഞ്ഞൂറോളം ഡോക്ടർമാർ പങ്കെടുത്തു.
നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം: ഐ.എം.എ
കണ്ണൂർ: ഡോക്ടർമാർക്ക് നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാൻ കേന്ദ്രം പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു. ആശുപത്രികൾക്കകത്തും പുറത്തും ഡോക്ടർമാർക്ക് നേരെയുണ്ടാകുന്ന ആക്രമണം കൈയും കെട്ടി നോക്കി നിൽക്കാനാവില്ല. പ്രത്യേക സുരക്ഷാ സോൺ ആയി ആശുപത്രികളെ അംഗീകരിച്ചില്ലെങ്കിൽ അത്യാഹിത വിഭാഗം അടക്കമുള്ള മെഡിക്കൽ രംഗത്തെ മുഴുവൻ സേവനങ്ങളും അവസാനിപ്പിക്കുമെന്നും ഐ.എം.എ നേതാക്കൾ അറിയിച്ചു.റാലിക്ക് ശേഷം നടന്ന കൺവൻഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഡോ.ആർ.രമേഷ്, ഡോ.ശ്രീകുമാർ വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി.