കാസർകോട്: കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഐ.എം.എ ദേശീയ വ്യാപകമായി ആഹ്വാനം ചെയ്ത സമരത്തെ തുടർന്ന് കാസർകോട് ജില്ലയിലെ സർക്കാർ ആശുപത്രികൾ സ്തംഭിച്ചു. കാസർകോട് ഐ.എം.എ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ ജനറൽ ആശുപത്രി പരിസരത്ത് ധർണയും പ്രതിഷേധ റാലിയും നടത്തി. ജനറൽ ആശുപത്രിയുൾപ്പടെയുള്ള സർക്കാർ,സ്വകാര്യ ആശുപത്രികളിൽ അത്യാഹിത വിഭാഗം ഒഴികെയുള്ള വിഭാഗത്തിൽ നിന്ന് ഡോക്ടർമാർ ജോലിയിൽ നിന്ന് വിട്ട് നിന്നു. ക്ലിനിക്കുകളും പ്രവർത്തിച്ചില്ല.
അതെസമയം അടിയന്തര ശാസ്ത്രക്രിയകളും പ്രസവചികിത്സയും നടന്നു. കിടപ്പു രോഗികളെ സമരത്തിലുള്ള ഡോക്ടർമാർ പരിശോധിച്ചു. പ്രതിഷേധധർണ കെ.ജി.എം.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം ഡോ.ജമാൽ അഹമ്മദ് എ ഉദ്ഘാടനം ചെയ്തു. ഐ.എം.എ ജില്ലാ കൺവീനർ ഡോ.ബി.നാരായണ നായിക് അധ്യക്ഷത വഹിച്ചു. ഐ.എം.എ നേതാക്കളായ ഡോ.ജിതേന്ദ്ര റൈ, ഡോ.ടി.കാസിം, ഡോ.പ്രജ്യേത് ഷെട്ടി, ഡോ.ജനാർദന നായിക്, ഡോ.മായ മല്യ, ഡോ.മഹേഷ്, ഐ.ഡി.എ സെക്രട്ടറി ഡോ.അജിതേഷ്, ആയുർവേദ അസോസിയേഷൻ പ്രസിഡന്റ് ഡോ.ശ്യാമള, നഴ്സിംഗ് സൂപ്രണ്ട് ഉഷ, ആശുപത്രി ജീവനക്കാരുടെ സംഘടനകളുടെ പ്രതിനിധികളായ രാജി, ദിവ്യ, ഷാജി, ബി.നാരായണ, ടി.സതിശൻ ടി, ശ്രീധരൻ, മാഹിൻ കുന്നിൽ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധപ്രകടനവും ഇതോടനുബന്ധിച്ച് നടന്നു.