con

പരിശോധന 10 മണിക്കൂർ നീണ്ടു


ബളാൽ( കാസർകോട്): അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിൽ ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ വീട്ടിലും പഞ്ചായത്ത് ഓഫീസിലും വിജിലൻസ് റെയ്ഡ് നടത്തി. കോഴിക്കോട് നിന്നെത്തിയ സ്‌പെഷ്യൽ യൂണിറ്റിലെ 30 ഓളം വരുന്ന ഉദ്യോഗസ്ഥരാണ് ഒരേസമയം വീട്ടിലും പഞ്ചായത്തിലും പരിശോധന നടത്തിയത്.

ഇന്നലെ രാവിലെ 7 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിപ്പിച്ചാണ് വിജിലൻസ് സംഘം മടങ്ങിയത്. രാജു കട്ടക്കയത്തിന്റെ മാലോത്തെ വീട്ടിലും ബളാൽ പഞ്ചായത്ത് ഓഫീസിലും നടത്തിയ റെയ്ഡിൽ കാര്യമായൊന്നും കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്. രാജു കട്ടക്കയത്തിന്റെ ഐ ഫോൺ, നിലവിലുള്ള സ്ഥലങ്ങളുടെ ആധാരങ്ങൾ, ഭാര്യയുടെയും മക്കളുടെയും സ്വർണ്ണാഭരണങ്ങൾ, വീട്ടിൽ ഉണ്ടായിരുന്ന 3500 എന്നിവ വിജിലൻസ് സംഘം കണ്ടെടുത്തിരുന്നു. എന്നാൽ പഞ്ചായത്ത് ഓഫീസിൽ നിന്നും യാതൊരു വിധ രേഖകളും കണ്ടെത്താനായില്ല. കാസർകോട് വിജിലൻസ് അധികൃതരെയോ പൊലീസിനെയോ അറിയിക്കാതെയാണ് കോഴിക്കോട് നിന്നുള്ള സംഘം പരിശോധനക്ക് എത്തിയത്. വിജിലൻസ് പരിശോധന നടത്തുന്നത് അറിഞ്ഞു തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകർ ബഹളം വച്ചതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. പിന്നാലെ വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ സ്ഥലത്ത് നിന്ന് മാറ്റി.സംഭവത്തിൽ പ്രതിഷേധിച്ച് ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് മാലോത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു.

ഉറങ്ങി എഴുന്നേൽക്കുന്നതിന് മുമ്പ് വീടിന് മുമ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് വിജിലൻസ് സംഘം എത്തിയത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സി.പി.എം നേതൃത്വം ഭരണ സ്വാധീനം ഉപയോഗിച്ച് നടത്തിയ നീക്കമാണ് വിജിലൻസ് റെയ്ഡ്. തികച്ചും രാഷ്ട്രീയ പ്രേരിതമായ നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടും. നാളിതുവരെയുള്ള പ്രവർത്തനത്തിന് ഇടയിൽ ഒന്നും സമ്പാദിച്ചിട്ടില്ലെന്ന് ഇവിടത്തെ ജനങ്ങൾക്ക് അറിയാം. ജനക്ഷേമത്തിനും നാടിന്റെ വികസനത്തിനും മാത്രമാണ് ഇതുവരെ പ്രവർത്തിച്ചത്.

രാജു കട്ടക്കയം ( ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)