കണ്ണൂർ: പൊതുമേഖലാ സ്ഥാപന വിഭാഗത്തിൽ കൃഷി വകുപ്പിന്റെ ഒന്നാംസ്ഥാനം ലഭിച്ച കെ.സി.സി.പി ലിമിറ്റഡിനുള്ള അവാർഡ് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിൽ നിന്നും കമ്പനി മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ ഏറ്റുവാങ്ങി. കമ്പനി ഡയറക്ടർബോർഡ് അംഗങ്ങളായ എസ്. ബൈജുകുമാർ, എസ്.എസ്. ശ്രീരാജ് എന്നിവരും സന്നിഹിതരായിരുന്നു.
കമ്പനിയുടെ കരിന്തളം യൂണിറ്റിൽ 50 ഏക്കറോളം വരുന്ന ഖനനം പൂർത്തിയായ ഭൂമിയിൽ നടത്തിയ പാഷൻഫ്രൂട്ട് കൃഷി, മിയാവാക്കി പച്ചത്തുരുത്ത്, കുറ്റ്യാട്ടൂർ മാവിൻ തോട്ടം, വാഴക്കൃഷി, മറ്റു വിവിധ തരം കൃഷിരീതികൾ എന്നിവ പരിഗണിച്ചാണ് അവാർഡ്.
മൈനിംഗ് പൂർത്തിയാക്കിയ സ്ഥലങ്ങളെയെല്ലാം ജൈവവൈവിദ്ധ്യ കലവറയാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കെ.സി.സി.പി.എൽ നടത്തിയ പ്രയത്നം ഫലവത്തായതിനുള്ള അംഗീകാരമാണ് അവാർഡെന്ന് കമ്പനി ചെയർമാൻ ടി.വി. രാജേഷും മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണനും പറഞ്ഞു. തൊഴിലാളികളുടെ ആത്മാർത്ഥമായ സഹകരണവും കൃഷിവകുപ്പ്, കൃഷിവിജ്ഞാൻ കേന്ദ്ര, കാർഷിക സർവ്വകലാശാല എന്നിവയുടെ സഹകരണവും ഈ നേട്ടം കൈവരിക്കാൻ സഹായകരമായതായി ഇവർ പറഞ്ഞു.
ഖനന പ്രവർത്തനം മാത്രം നടത്തുന്ന പൊതുമേഖലാസ്ഥാപനം എന്ന ഖ്യാതിമാറി വൈവിദ്ധ്യവത്കരണ പദ്ധതികളിലൂടെ പരിസ്ഥിതി സൗഹൃദ പദ്ധതികൾ മാത്രം മുന്നോട്ടു വയ്ക്കുന്ന പൊതുമേഖലാ സ്ഥാപനമായി കെ.സി.സി.പി.എൽ മാറിയതിനുള്ള സംസ്ഥാന സർക്കാരിന്റെ അംഗീകാരമാണ് ഈ അവാർഡ്.
ചെയർമാൻ ടി.വി. രാജേഷ്, മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ