1
കൃഷി ഭവനിൽ നിന്ന് നൽകുന്ന വിത്ത് പാക്കറ്റ് , വിത്തുകളുടെ സാങ്കേതിക വിവരങ്ങൾ

കാസർകോട്: കൃഷി വകുപ്പിന്റെ ബൃഹത് പദ്ധതികളിൽ ഒന്നായ 'ഓണത്തിന് ഒരു മുറം പച്ചക്കറി' വെള്ളത്തിൽ. പദ്ധതിക്ക് ആവശ്യമായ വിത്തകളും തൈകളും വിതരണം ചെയ്യാൻ വൈകിയതും കനത്തമഴയെ തുടർന്ന് കാലാവസ്ഥ പ്രതികൂലമായതുമാണ് പ്രധാന കാരണം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കുടുംബശ്രീ സംവിധാനം ഈ പദ്ധതി പൂർണ്ണമായും ഏറ്റെടുത്തിരുന്നുമില്ല.

വിത്തിട്ട് മുളപ്പിച്ചാൽ വിളവെടുപ്പനായി 90 ദിവസം വേണമെന്നിരിക്കെ സെപ്തംബറിലെ ഓണത്തിന് മുമ്പ് വിളവ് കിട്ടേണ്ടുന്ന പച്ചക്കറികളുടെ വിത്ത് പാക്കറ്റുകൾ കൃഷിക്കാർക്ക് നൽകിയത് ജൂലായ് അവസാനവും ആഗസ്ത് ആദ്യവുമാണ്. കാലം തെറ്റി എത്തിയ വിത്ത് പാക്കറ്റുകൾ കൃഷിക്കാർ വാങ്ങാത്തതിനാൽ കേരളത്തിലെ കൃഷിഭവനുകളിൽ ലക്ഷകണക്കിന് രൂപയുടെ വിത്ത് പാക്കറ്റുകൾ കെട്ടിക്കിടക്കുകയാണ്. ഇതിൽ നിന്ന് മുഖം രക്ഷിക്കാൻ കൃഷി ഭവൻ ഉദ്യോഗസ്ഥർ ചിങ്ങം ഒന്നിന് കർഷക ദിനം പരിപാടിക്ക് എത്തിയവർക്ക് സമ്മാനമായി വിത്ത് പാക്കറ്റുകൾ നൽകുകയാണ് ചെയ്തത്.

2021ൽ വി.എസ് സുനിൽകുമാർ കൃഷി വകുപ്പ് മന്ത്രിയായിരിക്കെ ചെയ്തത് പോലെ ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ വിത്ത് നൽകിയിരുന്നുവെങ്കിൽ അനുകൂല കാലാവസ്ഥയിൽ മികച്ച വിളവ് ഉണ്ടാക്കാനും ഓണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കാനും കൃഷിക്കാർക്ക് കഴിയുമായിരുന്നു.

വിത്ത് വിതരണത്തിന് അന്യസംസ്ഥാന സ്ഥാപനങ്ങൾ

കൃഷി വകുപ്പിന്റെ കീഴിൽ നമ്മുടെ നാട്ടിൽ തന്നെയുള്ള പ്രാദേശിക ഫാമിൽ നിന്ന് വിത്തുകളും തൈകളും ഉത്പാദിപ്പിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ഏജൻസികളെ ഏൽപ്പിച്ച് വിത്ത് പാക്കറ്റുകൾ എത്തിക്കുകയാണ് ചെയ്യുന്നത്. തമിഴ്നാട്ടിൽ ഉണ്ടാക്കി പൊള്ളയായ വിത്തുകൾ കേരളത്തിലെ 1076 കൃഷിഭവനുകൾ വഴി കൃഷിക്കാരിൽ അടിച്ചേൽപ്പിക്കുകയാണെന്നാണ് ആരോപണം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് ബംഗളൂരു, കാർഷിക സർവ്വകലാശാല തമിഴ്നാട്, ഭാരതീയ പച്ചക്കറി ഗവേഷണ സ്ഥാപനം വാരണാസി തുടങ്ങിയവയാണ് ഈ സ്ഥാപനങ്ങൾ.

പദ്ധതിയുടെ ലക്ഷ്യങ്ങൾ

കുടുംബങ്ങളിൽ കാർഷിക സംസ്കാരം ഉണർത്തുക

കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക

വിഷരഹിത പച്ചക്കറി ഉത്പാദനം കാര്യക്ഷമമാക്കുക

ഓണനാളിൽ വിഷ രഹിത പച്ചക്കറി ലഭ്യമാക്കുക.