നീലേശ്വരം: രാജഭരണത്തിന്റെ ഗതകാല പ്രൗഢിയും ജന്മി നാടുവാഴിത്വത്തിനെതിരായുള്ള പോരാട്ട സ്മരണകളും അയവിറക്കി നീലേശ്വരം നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്ന രാജകൊട്ടാരം തകർച്ചയിൽ. രാജഭരണ കാലഘട്ടത്തിൽ രാജാക്കന്മാർ ഭരണം നടത്തുകയും നീതിന്യായങ്ങൾ നടപ്പിലാക്കുകയും ചെയ്ത കൊട്ടാരമാണ് ഇന്ന് കാലപ്പഴക്കത്താലും ആരും സംരക്ഷിക്കാൻ ഇല്ലാതെയും തകർന്നടിയുന്നത്.
രണ്ട് ഗജരാജപ്രതിമകൾ കാവൽ നിൽക്കുന്ന കൂറ്റൻ കൽതൂണുകളോട് കൂടിയ കൊട്ടാരത്തിന്റെ മുൻഭാഗം ഇപ്പോഴും പ്രൗഢഗംഭീരം തന്നെയാണെങ്കിലും പിൻഭാഗത്തെ സ്ഥിതി പരമദയനീയമാണ്. കാടുകയറിയും കല്ലുകളും മേൽക്കൂരകളും അടർന്നുവീണും കൊട്ടാരം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
കൊട്ടാരം അനാഥമാണെങ്കിലും ഇപ്പോഴും നിരവധി ആളുകൾ ഈ കൊട്ടാരം കാണാൻ എത്തുന്നുണ്ട്. സിനിമ, ഹ്രസ്വ ചിത്രങ്ങൾ, ആൽബങ്ങൾ തുടങ്ങിയവയുടെ ചിത്രീകരണങ്ങളും ഇവിടെ നടക്കുന്നുണ്ട്.
നിലവിൽ ടി.വി ശാന്തയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന നഗരസഭാ ഭരണസമിതി സർക്കാരിൽ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് പുരാവസ്തു മന്ത്രിയായിരുന്ന അഹമ്മദ് ദേവവർകോവിൽ കൊട്ടാരം സന്ദർശിച്ച് കൊട്ടാരത്തെ പുരാരേഖ മ്യൂസിയമായി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർനടപടികൾ നടന്നുവരുന്നതിനിടയിലാണ് കൊട്ടാരം പൊട്ടിപ്പൊളിയാൻ തുടങ്ങിയിരിക്കുന്നത്. അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ നീലേശ്വരത്തിന്റെ ചരിത്ര സ്മാരകവും അഭിമാനവുമായ കൊട്ടാരവും പൂർണമായും ഇല്ലാതാകും.
എങ്ങുമെത്താതെ പദ്ധതികൾ
കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിനെ വിജയിപ്പിച്ച മണ്ഡലമായതിനാൽ ഈ രാജകൊട്ടാരത്തെ പൈതൃക സ്മാരകമായി ഏറ്റെടുക്കാൻ വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തീരുമാനിച്ചിരുന്നു. പുരാവസ്തു വകുപ്പ് ഡയറക്ടർ റെജികുമാർ രാജകൊട്ടാരം സന്ദർശിച്ച് സർക്കാരിലേക്ക് റിപ്പോർട്ടു നൽകുകയും ചെയ്തു. പിന്നീട് പ്രൊഫസർ കെ.പി ജയരാജൻ നീലേശ്വരം നഗരസഭ ചെയർമാൻ ആയിരിക്കെ രാജകൊട്ടാരത്തെ മ്യൂസിയമാക്കി മാറ്റാനുള്ള നടപടികൾക്ക് വേഗത കൂട്ടി. 2016 മേയ് 30ന് കൊട്ടാരം സന്ദർശിച്ച അന്നത്തെ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കൊട്ടാരത്തെ പൈതൃക മ്യൂസിയമാക്കി മാറ്റും എന്ന് പ്രഖ്യാപിച്ചെങ്കിലും കൊട്ടാരം ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാര തുകയെ സംബന്ധിച്ച് രാജകുടുംബങ്ങൾ തമ്മിൽ ധാരണയിൽ എത്താനായിരുന്നില്ല. ഇതിനിടയിൽ വെള്ളപ്പൊക്കവും കൊവിഡും വന്നതോടെ പദ്ധതി അനിശ്ചിതത്വത്തിലുമായി.
104 വർഷത്തെ പഴക്കം
1704 രൂപം കൊണ്ട നീലേശ്വരം രാജവംശത്തിനു കീഴിൽ 1920-ലാണ് ഭരണ നിർവഹണത്തിനായി രാജകൊട്ടാരം നിർമ്മിച്ചത്. ഇവിടെ ആദ്യം പുല്ലു മാളിക എന്നറിയപ്പെടുന്ന പുല്ലുകൊണ്ട് നിർമ്മിച്ച കൊട്ടാരമായിരുന്നു ഉണ്ടായിരുന്നത്. രാജഭരണം അവസാനിച്ചതോടെ കൊട്ടാരത്തെ ആരും ശ്രദ്ധിക്കാതെയായി.