തലശ്ശേരി: ശ്രീചക്ര നവാവരണ പൂജയ്ക്കും ശ്രീവിദ്യാ സത്സംഗത്തിനും തലശ്ശേരി ജഗന്നാഥ ക്ഷേത്രം ഓഡിറ്റോറിയം ഇതാദ്യമായി സാക്ഷ്യം വഹിച്ചു. പ്രശസ്ത താന്ത്രികാചാര്യനും ജ്യോതിഷപണ്ഡിതനും മനഃശാസ്ത്രജ്ഞനുമായ ശ്രീധരൻ നമ്പൂതിരി കാർമികത്വം വഹിച്ചു. കണ്ണൂർ ഉപാസക സംഗമം കൂട്ടായ്മയാണ് ശ്രീചക്ര നവാവരണ പൂജയ്ക്ക് നേതൃത്വം നൽകി.
ഭാരതീയതന്ത്ര ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീവിദ്യാ പാഠ്യപദ്ധതിയെ അടിസ്ഥാനപ്പെടുത്തി ആത്മീയവും ഭൗതികവുമായ അടിസ്ഥാന അറിവ് പുതുതലമുറയ്ക്ക് പകർന്നേകുകയെന്ന ലക്ഷ്യത്തോടെയാണ് ചടങ്ങ് ഒരുക്കിയത്.
പവിത്രമായ ശ്രീചക്ര രൂപകൽപ്പനയിലെ ഒൻപത് ചുറ്റുപാടുകളെയാണ് ഇത് ദ്യോതിപ്പിക്കുന്നത്. ഒരോ ആവരണത്തിലും ദിവ്യമാതാവിന്റെ സ്‌നേഹം, ജ്ഞാനം, ശുദ്ധമായ ബോധം എന്നിവയുമായി പൊരുത്തപ്പെടുന്ന ഒരു നിശ്ചിത എണ്ണം ത്രികോണങ്ങളോ ദളങ്ങളോ അടങ്ങിയിട്ടുള്ളതായി കാണാം. ഓരോ ആവരണത്തിലൂടെയും മുന്നോട്ടുപോകുമ്പോൾ വിശ്വാസികളിൽ ആനന്ദത്തിന്റെയും ദിവ്യബോധത്തിന്റേയും അനുഭൂതി ലഭിക്കുന്നു. പൂർണിമയിൽ നവാവരണപൂജനടത്തുമ്പോൾ, പൗർണ്ണമിയിലെ ശക്തമായ ഊർജ്ജം ശ്രീലളിതാ ദേവിയുടെ ദിവ്യസ്പന്ദനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിശ്വാസം.
പഞ്ചകോശ ശുദ്ധി ശ്രീവിദ്യാസാധനയിലൂടെ എന്ന വിഷയത്തെക്കുറിച്ച് ശ്രീധരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സെമിനാറും തുടർന്ന് ഈശ്വര ഉപാസനയുടെ പ്രായോഗിക തലങ്ങൾ എന്ന വിഷയത്തെക്കുറിച്ച് സംവാദവുമുണ്ടായി.
ഇന്നലെ കാലത്ത് സതീശൻ നമ്പൂതിരിയും സംഘവും അവതരിപ്പിച്ച കേളിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ചെറുതാഴം രാജീവന്റെ അഷ്ടപദിയും ജ്ഞാനോദയ യോഗത്തിലെ കുട്ടികളുടെ ഗുരുദേവ സ്‌തോത്രങ്ങളും പ്രമുഖ നർത്തകി മണിമേഖലയുടെ മോഹിനിയാട്ടവും സമൂഹ ലളിത സഹസ്രനാമ അർച്ചനയും പഞ്ചാരിമേളവും അനുബന്ധമായി നടന്നു. ശ്രീജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ. സത്യനെ ശ്രീധരൻ നമ്പൂതിരി പൊന്നാട അണിയിച്ചാദരിച്ചു.