പയ്യന്നൂർ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 31.2 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്ന് വരുന്ന പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വികസന പ്രവൃത്തി രണ്ടാം ഘട്ടത്തിലേക്ക്. സ്റ്റേഷനു പുറത്ത് വിശാലമായ പാർക്കിംഗ് സൗകര്യം 75 ശതമാനവും പൂർത്തിയായതിനു പിന്നാലെയാണ് പ്രധാന കെട്ടിട നവീകരണം പ്രവൃത്തി ആരംഭിച്ചത്. നേരത്തെയുണ്ടായിരുന്ന
കെട്ടിടത്തിന്റെ മുഖം മിനുക്കി സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനു പുറമെ കൂടുതൽ സൗകര്യങ്ങൾ കൂട്ടുകയും ചെയ്യും. ഇതിന്റെ ഭാഗമായി സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രവേശന ഭാഗത്തെയും പ്ലാറ്റ് ഫോം ഭാഗത്തെയും ചുമരുകൾ പൊളിച്ചുനീക്കി. നേരത്തെ ഗ്രിൽസ് വാതിൽ തുറന്ന് കയറുന്ന സ്ഥലമായിരുന്നു വിശ്രമസ്ഥലം.
ഇത് പുതിയ കെട്ടിടത്തിൽ ചുമരുകളോ തടസമോ ഇല്ലാതെ ഫ്ളാറ്റു ഫോം വരെ നീണ്ട വിശാലമായ ഹാൾ ആയി മാറും. ഇതിനു പുറമെ പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജ് ,ലിഫ്റ്റ് ,എസ്‌കലേറ്റർ തുടങ്ങിയവയും ഉണ്ടാകും.
സ്റ്റേഷൻ കെട്ടിടം, പ്ലാറ്റ്‌ഫോം മേൽക്കൂര, ടിക്കറ്റ് കൗണ്ടർ, വിശ്രമകേന്ദ്രം തുടങ്ങിയവയും നവീകരിക്കും. കണ്ണൂർ,കാസർകോട് ജില്ലകളിൽ ഏറ്റവും കൂടുതൽ യാത്രക്കാരും വരുമാനവും ഉള്ള സ്റ്റേഷനുകളിൽ ഒന്നാണ് പയ്യന്നൂർ. ഏഴിമല നാവിക അക്കാഡമി, പെരിങ്ങോം സി.ആർ.പി.എഫ്. കേന്ദ്രം തുടങ്ങി രാജ്യരക്ഷയുമായി ബന്ധപ്പെട്ട പ്രധാന അക്കാദമിക് കേന്ദ്രങ്ങൾക്ക് അടുത്ത സ്റ്റേഷൻ എന്ന നിലയിൽ പയ്യന്നൂർ സ്റ്റേഷന് പ്രത്യേക പ്രാധാന്യമുണ്ട്.