road
മാതമംഗലം-ചുടല മെക്കാഡം റോഡ്.

പരിയാരം: മലയോര പട്ടണമായ മാതമംഗലത്തെയും പ്രധാന വാണിജ്യകേന്ദ്രമായ തളിപ്പറമ്പിനെയും ബന്ധിപ്പിച്ചുകൊണ്ട് ചുടല ഭൂദാനം -അമ്മാനപ്പാറ -പാണപ്പുഴ റൂട്ടിൽ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച് അധികൃതർ. വർഷങ്ങളായി ജനങ്ങൾ പരാതിയും നിവേദനവും നൽകി കാത്തിരിക്കുകയാണ്. ഒന്നരപ്പതിറ്റാണ്ട് മുൻപ് കച്ചേരിക്കടവ് പാലം യാഥാർത്ഥ്യമായതോടെ ബസ് എന്ന ആവശ്യം ഉയർന്നിരുന്നു. മൂന്നുവർഷം മുൻപ് ചുടല -പാണപ്പുഴ റോഡ് വീതി കൂട്ടി മെക്കാഡം ടാർ ചെയ്‌തോടെ ബസോടും എന്ന് ജനങ്ങൾ പ്രതീക്ഷിച്ചു.

മാതമംഗലം ടൗണിൽനിന്ന് എളുപ്പത്തിൽ തളിപ്പറമ്പിലെത്താവുന്ന റൂട്ടാണിത്. ഇപ്പോൾ മാതമംഗലത്തുനിന്ന് പിലാത്തറ വഴി എട്ടുകിലോമീറ്റർ അധികം കറങ്ങിയാണ് തളിപ്പറമ്പിലേക്ക് ബസ് യാത്രക്കാർ പോകുന്നത്. റോഡ് സൗകര്യം മെച്ചപ്പെട്ടതോടെ മലയോരങ്ങളിൽനിന്ന് തളിപ്പറമ്പ്, കണ്ണൂർ ഭാഗത്തേക്ക് സ്വകാര്യ വാഹനങ്ങൾ ചുടല -പാണപ്പുഴ റോഡിനെ ആശ്രയിക്കുമ്പോൾ സാധാരണക്കാർക്ക് ബസില്ലാത്തതിനാൽ ഈ റൂട്ട് ഉപയോഗപ്പെടുത്താനാകുന്നില്ല.വെള്ളോറ, പെരുമ്പടവ്, ഓലയമ്പാടി, പെരിങ്ങോം, പെരുവാമ്പ, കുറ്റൂർ, പറവൂർ തുടങ്ങിയ മലയോര പ്രദേശത്തുകാർക്കെല്ലാം മാതമംഗലം വഴി ചുടല ദേശീയപാതയിലൂടെ തളിപ്പറമ്പിലേക്ക് എത്തിച്ചേരാൻ സമയലാഭവും സാമ്പത്തികലാഭവും ഉണ്ടാകുന്ന റൂട്ടാണിത്.

എം.എൽ.എമാരായ എം.വിജിനും എം.വി ഗോവിന്ദനും അവരവരുടെ മണ്ഡലങ്ങളിൽ പ്രാദേശിക ബസ് റൂട്ട് സർവീസുകൾ ആരംഭിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റേയും മണ്ഡലത്തിലെ പാഞ്ചായത്ത് പ്രസിഡന്റുമാരുടേയും യോഗം കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കല്യാശ്ശേരി -തളിപ്പറമ്പ് മണ്ഡലത്തിൽപ്പെടുന്ന പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ റോഡിലൂടെ ബസ് സർവീസ് ആരംഭിക്കണം.

നാട്ടുകാർ

30വർഷം മുൻപ് ബസോടിയ റൂട്ട്

ഏര്യം -ചുടല - തളിപ്പറമ്പ് റൂട്ടിൽ 30 വർഷം മുൻപ് ഒരു ബസ് സർവീസ് നടത്തിയിരുന്നു. അന്ന് കച്ചേരിക്കടവ് പാലമില്ലാത്തതിനാൽ പുഴ മുറിച്ച് കടക്കണം. വേനൽക്കാലത്ത് വെള്ളം കുറഞ്ഞ സമയത്ത് മാത്രമാണ് സർവീസ് നടത്തിയിരുന്നത്. പാലം യാഥാർത്ഥ്യമായതോടെ ഇപ്പോൾ അത്തരം പ്രശ്നങ്ങളൊന്നുമില്ല. വർഷങ്ങൾക്ക് മുൻപ് രണ്ട് വാൻ സർവീസും ഉണ്ടായിരുന്നു. കാർഷികോത്പന്നങ്ങൾ തളിപ്പറമ്പ് മാർക്കറ്റിലെത്തിക്കാനും തളിപ്പറമ്പിൽനിന്ന് പാണപ്പുഴ, പറവൂർ, ആലക്കാട്, ഏര്യം ഭാഗങ്ങളിലെ കടകളിലേക്കുളള സാധനങ്ങൾ കൊണ്ടുപോകാനും വീട്ടാവശ്യങ്ങൾക്കുള്ളവ വാങ്ങാനും ഈ വാനുകളെയാണ് ആശ്രയിച്ചിരുന്നത്.