anamathil

കേളകം: കനത്ത മഴയെത്തുടർന്ന് ചീങ്കണ്ണിപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന ആനമതിലിന്റെ പുനർനിർമാണം വൈകുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു.കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വനാതിർത്തികളിൽ അഞ്ചിടങ്ങളിലാണ് ആനമതിൽ തകർന്നത്.

കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് മുട്ടുമാറ്റിയിൽ മലയോര പാതയോട് ചേർന്ന രണ്ടിടങ്ങളിലായി 10 മീറ്ററോളവും, വാളുമുക്കിൽ മൂന്ന് ഇടങ്ങളിലും മതിൽ തകർന്നിരുന്നു.ആറളം വന്യജീവി സങ്കേതത്തിൽ നിന്നും കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികൾ ചീങ്കണ്ണിപ്പുഴ കടന്ന് ജനവാസ കേന്ദ്രത്തിലെത്തി നാശം വരുത്തുന്നത് പതിവായിരുന്നു.ആനമതിൽ നിർമ്മിച്ച ശേഷം ഉയരം കുറഞ്ഞ ഭാഗത്തു കൂടി മാത്രമായിരുന്നു കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തിയിരുന്നത്.

ആനമതിലിന്റെ പുനർനിർമ്മാണം വേഗത്തിലാക്കണമെന്നും കാട്ടാനകൾ കടക്കാതിരക്കാൻ അടിയന്തിരമായി
തൂക്കു വൈദ്യുത വേലി സ്ഥാപിക്കണമെന്നുമാണ് ഇവിടുത്തുകാരുടെ ആവശ്യം.

വീടുകളും ഭീഷണിയിലാണ്

മുമ്പ് മുട്ടുമാറ്റിയിലേയും വാളുമുക്കിലേയും ജനവാസ മേഖലയിലെത്തിയ കാട്ടാനകൾ വീടുകൾക്ക് നേരെ ആക്രമിച്ച ചരിത്രവുമുണ്ട്. വ്യാപകമായി കാർഷിക വിളകളും നശിപ്പിച്ചിരുന്നു. ഒടുവിൽ ആനമതിലിന്റെ ഉയരം കുറഞ്ഞ ഭാഗത്ത് വനംവകുപ്പ് ഹാംഗിംഗ് ഫെൻസിംഗ് സ്ഥാപിച്ച ശേഷമാണ് സ്വസ്ഥതയുണ്ടായത്. എന്നാൽ ചീങ്കണ്ണിപ്പുഴയിലെ മലവെള്ളപ്പാച്ചിലിൽ ആനമതിൽ തകർന്നതിനെ തുടർന്ന് പഴയ സ്ഥിതി ഏതുനിമിഷവും ആവർത്തിക്കാമെന്ന ഭയമാണ് നാട്ടുകാർക്ക്.

അതിർത്തിയിലുണ്ട് അവർ
വനാതിർത്തികളിൽ തമ്പടിച്ചിരിക്കുന്നതിനാൽ ഏതു സമയത്തും ചീങ്കണ്ണിപ്പുഴ കടന്ന് ആനമതിൽ തകർന്ന ഭാഗത്തൂടെ ജനവാസമേഖയിൽ കാട്ടാനകൾ എത്തുമെന്നാണ് നാട്ടുകാരുടെ ഭയം.ആനമതിൽ തകർന്നു കിടക്കുന്ന ഭാഗങ്ങളിലെല്ലാം നിരവധി വീടുകളും കൃഷിസ്ഥലങ്ങളുമുണ്ടെന്നതും ഇവരുടെ ഭയത്തിന്റെ വ്യാപ്തി കൂട്ടുന്നു.