പേരാവൂർ: കനത്ത മഴയിൽ തകർന്ന നെടുംപൊയിൽ മാനന്തവാടി ചുരം റോഡിന്റെ പുനർനിർമ്മാണം തുടങ്ങി. നാലാം വളവിൽ വിള്ളൽ വീണതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഇന്നലെ രാവിലെയാണ് പുനർനിർമ്മാണത്തിന്റെ ഭാഗമായി വിള്ളൽ വീണ ഭാഗങ്ങളിലെ മണ്ണ് മാറ്റിത്തുടങ്ങിയത്.
നാലാമത്തെ വളവിന് സമീപത്താണ് സോയിൽ പൈപ്പിംഗ് പ്രതിഭാസത്തെ തുടർന്ന് വിളളൽ രൂപപ്പെട്ട് ഭൂമി ഇടിഞ്ഞുതാണത്. റോഡിന്റെ ഒരു വശത്തെ കോൺക്രീറ്റ് സംരക്ഷണഭിത്തിയടക്കം വിണ്ട് അകന്നു പോയിരുന്നു. ഇതോടെ കഴിഞ്ഞ മാസം 30 മുതൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു.ചെറിയ വാഹനങ്ങൾക്ക് പോലും കടന്നു പോകാൻ കഴിയാത്ത വിധമായിരുന്നു വിള്ളൽ രൂപപ്പെട്ടത്.
നിലവിൽ ടാക്സികളിൽ ഏറെ ദൂരം സഞ്ചരിച്ചാണ് പ്രദേശവാസികൾ കൊളക്കാടും നെടുംപൊയിലുമെത്തി ആവശ്യങ്ങൾ നിറവേറ്റുന്നത്.റോഡിന് ഒരു വശത്ത് വീതി കൂട്ടി എടുക്കുന്നതിനാവശ്യമായ ഭൂമി പൊതുമരാമത്ത് വകുപ്പിന്റെ കൈവശം ഉണ്ടെന്നും ഇവിടെ മണ്ണ് നീക്കി താത്കാലികമായി ചെറുവാഹനങ്ങളെങ്കിലും കടത്തിവിടാൻ അടിയന്തര നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പുനർനിർമാണം ആരംഭിച്ചത്.
നിടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ വാഹന ഗതാഗതം അനിശ്ചിതകാലത്തേക്ക് പൂർണമായി നിരോധിച്ചതോടെ കണ്ണൂർ വയനാട് ജില്ലകളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമുൾപ്പെടെ യാത്രക്കാർ ദുരിതത്തിലാണ്.