malinayam

പിലാത്തറ: കടന്നപ്പള്ളിപാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന് അഞ്ച് സ്ഥാപനങ്ങളിൽ നിന്ന് അരലക്ഷം പിഴ ചുമത്തി.

ഇരൂളിൽ പ്രവർത്തിക്കുന്ന മൂന്നു പന്നിഫാമുകളും ഇതിൽപെടുന്നു.

ബിജുമോൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള കുറുമുണ്ടയിൽ പന്നി ഫാമിൽ നിന്ന് മലിനജലം കുന്നിൻ ചെരുവിലേയ്ക്ക് ഒഴുകി വിടുന്നതായും അറവ് മാലിന്യം സമീപത്തെ കുഴിയിൽ തള്ളിയതായും കണ്ടെത്തി. ഇരുപതിനായിരം രൂപയാണ് ഈ ഫാമിൽ നിന്ന് പിഴ ഈടാക്കിയത്. മധുനമ്പ്യാരുടെ ഉടമസ്ഥതയിലുള്ള പന്നി ഫാമിന് 15,000 രൂപയും കെ.ടി.ലിജോയുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിന് 5000 രൂപയും പിഴയിട്ടു. മൂന്നു ഫാമുകളും പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും സ്‌ക്വാഡ് കണ്ടെത്തി.

പൊതുസ്ഥലത്ത് നിക്ഷേപിച്ചതിന് മാലിന്യം ഇരൂളിൽ പ്രവർത്തിച്ചു വരുന്ന ഫുഡ് കോർട്ടിനും കിസാൻ സർവീസ് സൊസൈറ്റിക്കും അയ്യായിരം രൂപ വീതം പിഴ ചുമത്തി. പരിശോധനയിൽ ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ പി.പി.അഷ്‌റഫ്, എൻഫോസ്‌മെന്റ് ഓഫീസർ ടി.വി.രഘുവരൻ, സ്‌ക്വാഡ് അംഗം അലൻ ബേബി, സി കെ.ദിബിൽ, കടന്നപള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് കെ.കെ.അബ്ദുള്ള എന്നിവർ പങ്കെടുത്തു.