കണ്ണൂർ: തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ ശ്രീ ഭക്തിസംവർദ്ധിനി യോഗത്തിന്റെ ആഭിമുഖ്യത്തിൽ മഹാഗുരുദേവ ജയന്തി ആഘോഷിച്ചു. വിവിധ പൂജകൾ നടന്നു. തുടർന്ന് വൈകീട്ട് കണ്ണൂർ ശ്രീനാരായണ പാർക്കിൽ നിന്നും ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ചതയദിന ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. മുനീശ്വരൻ കോവിൽ, തെക്കീ ബസാർ, ചേനോളി റോഡ് വഴി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഭക്തിസംവർദ്ധിനി യോഗം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവ ദർശനം എന്ന വിഷയത്തിൽ മുകേഷ് കുളമ്പുക്കാട്ട് പ്രഭാഷണം നടത്തി. ജയന്തി മത്സര വിജയികൾക്കുള്ള സമ്മാനദാനം കണ്ണൂർ ശ്രീനാരായണ വിദ്യാമന്ദിർ പ്രിൻസിപ്പൽ സ്മിത ശ്രീനിവാസ് നിർവഹിച്ചു. തുടർന്ന് ശീവേലി എഴുന്നള്ളത്തും ദീപാരാധനയും നടന്നു. നൃത്ത സംഗീത സന്ധ്യയും അരങ്ങേറി.