നീലേശ്വരം: നഗരസഭ സ്ഥാപിച്ച വൃദ്ധജനങ്ങൾക്കായുള്ള പകൽ വിശ്രമകേന്ദ്രം ഇപ്പോൾ നഗരസഭ വാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും വിശ്രമിക്കാനുള ഇടമായി മാറി. പ്രൊഫ. കെ.പി.ജയരാജൻ നഗരസഭ ചെയർമാനായിരിക്കെയാണ് ഇവിടെ വയോജനങ്ങൾക്ക് വിശ്രമിക്കാനായി സ്ഥലം അനുവദിച്ചത്. ആദ്യമൊക്കെ 100 ഓളം വൃദ്ധജനങ്ങൾ ഇവിടെ പകൽ വിശ്രമിക്കാൻ എത്തിയിരുന്നു.
ക്രമേണ ഇവർക്ക് വിശ്രമിക്കാൻ ശരിയായ ഇരിപ്പിടമില്ലാത്തതിനാൽ വരുന്നവരുടെ അംഗബലം കുറഞ്ഞു വരികയായിരുന്നു. വയോജനങ്ങളുടെ ഒരു കമ്മിറ്റിയും പ്രവർത്തിച്ചിരുന്നു. ഇവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സ്ഥലസൗകര്യം കുറവായിരുന്നെങ്കിലും മാസത്തിലൊരിക്കല്ലെങ്കിലും ഇവർ യോഗം കൂടുകയും ചെയ്തിരുന്നു.
എന്നാൽ കുറച്ച് മാസങ്ങളായി വൃദ്ധർ രാവിലെ വരുമ്പോഴേക്കും ഓടുമേഞ്ഞ കെട്ടിടത്തിന്റെ മുൻഭാഗത്തായി വാഹനങ്ങൾ നിർത്തിയിടുകയായിരുന്നു.കൂടാതെ ശുചീകരണ തൊഴിലാളികളുടെ പണിയായുധങ്ങൾ സൂക്ഷിക്കാനും അവരുടെ ഡ്രസ്സുകൾ മാറാനും മുറികൾ ഉപയോഗിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് വൃദ്ധർ നഗരസഭ അധികൃതരോട് പരാതി പറഞ്ഞെങ്കിലും കെട്ടിടം നഗരസഭയുടെ ആവശ്യങ്ങൾക്ക് വേണ്ടി വരുമെന്നും യോഗങ്ങളോ മറ്റോ കൂടണമെങ്കിൽ മൃഗാശുപത്രിക്ക് മുകളിലുള്ള അനക്സ് ഹാളിൽ ചേരാമെന്നറിയിക്കുകയായിരുന്നു. ഇതനുസരിച്ച് രണ്ടോ മൂന്നോ യോഗങ്ങൾ വയോജനങ്ങൾ അനക്സ് ഹാളിൽ ചേർന്നെങ്കിലും, അവിടെ നിന്നും വയോജനങ്ങളെ ഇത് മൃഗാശുപത്രി കെട്ടിടമാണെന്നും ഇനി അവിടെയും യോഗം ചേരാൻ പാടില്ലെന്ന് അറിയിക്കുകയായിരുന്നു.
യോഗം ചേരാൻ വാടക മുറി
ഇപ്പോൾ വൃദ്ധ ജനങ്ങളുടെ പകൽ വിശ്രമകേന്ദ്രത്തിലെ യോഗങ്ങളും മറ്റും ചേരണമെങ്കിൽ 500 രൂപ വാടക കൊടുത്താണ് ഇവർ ചേരുന്നത്. വയോജനങ്ങളിൽ ചുരുക്കം ചിലർ സർവീസിൽ നിന്ന് പിരിഞ്ഞവരാണ്. മറ്റ് ഭൂരിഭാഗം പേരും യാതൊരു വരുമാനവുമില്ലാത്തവരും. ഞങ്ങൾക്ക് ആദ്യം വിശ്രമിക്കാൻ ഇടം തന്ന് ഞങ്ങളെ ആട്ടി പായിക്കുന്ന നിലപാടാണ് നഗരസഭ കൈകൊണ്ടതെന്ന് വയോജനങ്ങൾ പറഞ്ഞു.