folklore

പ്രശ്നം ഇതാണ്

നാടോടി വിജ്ഞാനം എന്ന മലയാളവാക്ക് ഫോക്‌ലോർ എന്നതിന് പകരം നിൽക്കില്ല. നാട്ടറിവും നാടൻകലയും മാത്രമല്ല,​ കാടറിവും കടലറിവും ഫോക്‌ലോറിൽ പെടുമെന്നതിനാലാണിത്.

കണ്ണൂർ: നാടൻ കലാരൂപങ്ങളുടെയും സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും വിജ്ഞാന ശാഖയായ ഫോക്‌ലോറിന് ഇനിയും ഉചിതമായ മലയാള പദമായില്ല. നാട്ടറിവ്, നാടോടി വിജ്ഞാനം, നാട്ടു സംസ്‌കൃതി, ജനവിജ്ഞാനം, ജനജീവിതപഠനം, സംഘവഴക്കം എന്നിവയെല്ലാം ഫോക്‌ലോറിന്റെ സമാനപദങ്ങളായി മലയാളം ഉപയോഗിക്കുന്നുണ്ടെങ്കിലും നിശ്ചിതമായ പദം കണ്ടെത്തിയിട്ടില്ല. 1986ൽ ഡോ.രാഘവൻ പയ്യനാട് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ആധികാരിക ഗ്രന്ഥത്തിന്റെ പേരും ഫോക്‌ലോർ എന്നാണ്.
പിന്നീട് കോഴിക്കോട് സർവകലാശാലയിൽ കേരളത്തിലാദ്യമായി ഫോക്‌ലോർ സ്റ്റഡീസ് എന്ന പ്രത്യേക പഠന വകുപ്പ് തന്നെയുണ്ടായി. കണ്ണൂർ ആസ്ഥാനമായി സർക്കാർ തലത്തിൽ ഫോക്‌ലോർ അക്കാഡമിയും രൂപീകരിച്ചു. നാട്ടറിവ്, നാടൻ കല എന്നൊക്കെ പറയുമ്പോൾ കാട്ടറിവും കടലറിവുമൊക്കെ അതിൽ ഉൾപ്പെടാതെ വരും.

ഗവേഷകരിലും വിഭിന്നാഭിപ്രായം

ഫോക് ലോർ എന്ന പദത്തിന് മലയാളത്തിൽ സാധുത കൈവന്നതിനാൽ ഇനി മറ്റൊരു പദത്തെ തേടേണ്ടതില്ലെന്നാണ് ഡോ.രാഘവൻ പയ്യനാട് അടക്കമുള്ളവരുടെ അഭിപ്രായം. നാടൻ കലാ പഠനത്തിനു തുടക്കമിട്ട ആദ്യകാല ഗവേഷകനായ പരേതനായ സി എം.എസ് ചന്തേരയും സ്വദേശിപ്പേര് വേണമെന്ന അഭിപ്രായക്കാരനായിരുന്നു. തമിഴ്നാട്ടിലെ സംഘകാല കവിസദസ്സിലെ പലക വഴക്കവും കോലത്തിരിയുടെ രാജകീയസ്ഥാനത്ത് തെയ്യത്തിന് പീഠം വഴക്കം ചെയ്തതും താരതമ്യം ചെയ്തു പഠിച്ചപ്പോഴാണ് ഫോക് ലോറിനു സമാനമായ സംഘവഴക്കമെന്ന സ്വദേശിപ്പേര് അദ്ദേഹം വിളക്കിയെടുത്തത്.
ഇത് ഭാരതമെങ്ങും ഉപയോഗിക്കാൻ സാധിക്കുമെന്നും അദ്ദേഹം വാദിച്ചു. ഈ മേഖലയിൽ ഗവേഷണം നടത്തിയ ഡോ.സി.ആർ.രാജഗോപാൽ നാട്ടറിവെന്നും ഡോ.ഗോവിന്ദവർമ്മ രാജജന വിജ്ഞാന പഠനമെന്നും
പിന്നീട് ഫോക് ലോറിനെ വിശേഷിപ്പിച്ചു. ഡോ.എം.വി.വിഷ്ണു നമ്പൂതിരി നാടോടി വിജ്ഞാനമെന്ന പേരാണ് ഉപയോഗിച്ചത്.

ഫോക്‌ലോർ എന്നാൽ

ഫോക്‌ലോർ എന്ന പദം ആദ്യം ഉപയോഗിച്ചത് വില്യം ജോൺ തോംസ് എന്ന ആംഗലേയ പുരാവസ്തു ഗവേഷകനാണ്. 1846 ആഗസ്റ്റ് 22ന് അദ്ദേഹം അഥിനീയം മാസികയുടെ പത്രാധിപർക്കെഴുതിയ കത്തിലാണ് ഫോക്‌ലോർ പദം സ്ഥാനം പിടിക്കുന്നത്. നാടൻ പാട്ടുകൾ, നാടൻ കലകൾ, നാടൻ കഥകൾ, ആചാരങ്ങൾ, കടങ്കഥകൾ, പഴഞ്ചൊല്ലുകൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ, നാടൻ വിനോദങ്ങൾ തുടങ്ങി ജീവിതത്തിന്റെ സമസ്ത ഘടകങ്ങളേയും ഉൾകൊള്ളുന്നതാണ് ഈ പദം.രണ്ടോ അതിലധികം ആളുകളുടെ കൂട്ടത്തിന് പൊതുവായുള്ള അറിവാണ് ഫോക്‌ലോർ എന്നാണ് നിർവ്വചനം.