പയ്യന്നൂർ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റിവർ ടൂറിസം മേഖലയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് വിഭാവനം ചെയ്ത നോർത്ത് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയിൽ പെടുത്തി മൂന്ന് വർഷം മുൻപ് പൂർത്തിയാക്കിയ രാമന്തളി പുന്നക്കടവ് ബോട്ട് ജെട്ടി ഉപയോഗയോഗ്യമല്ലെന്ന് വിവരം. ഒന്നേമുക്കാൽ കോടി രൂപ ചെലവിട്ട് ഉൾനാടൻ ജലഗതാഗത വകുപ്പ് നിർമ്മിച്ച ബോട്ട് ജെട്ടിയിൽ വലിയ തോണുകളും ബോട്ടുകളും അടുപ്പിക്കാൻ സാദ്ധ്യമല്ലെന്നതിനാൽ ലേലം കൊള്ളാൻ പോലും ആരും തയ്യാറായിട്ടില്ല.
ബോട്ട് ജെട്ടിക്ക് തൊട്ട് താഴെ പുഴയിൽ പാറയാണ്. ഇതാണ് ബോട്ടുകൾ അടുപ്പിക്കുവാൻ കഴിയാത്തതിന് പിന്നിൽ. തുടക്കത്തിൽ തന്നെ മത്സ്യതൊഴിലാളികളും നാട്ടുകാരും ഈ ഭാഗത്ത് പാറയാണെന്നും ബോട്ടുകൾ കടത്താൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഉറച്ച മണ്ണാണെന്നായിരുന്നു വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് ഡ്രഡ്ജ് ചെയ്ത് നീക്കിയാൽ മതിയെന്നും പരിശോധന നടത്തിയ സംഘം അഭിപ്രായപ്പെട്ടു.
എന്നാൽ നിർമ്മാണം പൂർത്തിയായതോടെ നാട്ടുകാരുടെ വാദം ശരിയായി. വേലിയേറ്റ സമയത്ത് പോലും വലിയ തോണികൾക്കും ബോട്ടുകൾക്കും ജെട്ടിയിൽ അടുക്കാനായില്ല. ജെട്ടിക്ക് മുന്നിൽ മണ്ണ് നീക്കാൻ ശ്രമിച്ചപ്പോൾ അടിയിൽ പാറ തെളിഞ്ഞുവന്നു. പാറ നീക്കൽ ശ്രമകരമെന്ന് മനസിലായതോടെ ഡ്രഡ്ജിംഗും നിർത്തി. ബോട്ട് അടുപ്പിക്കാൻ കഴിയാത്ത ജെട്ടി ഡി.ടി.പി.സി ലേലത്തിന് വച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. ഉദ്ഘാടനം പോലും നടക്കാതെ പൂർണമായി ഉപയോഗശൂന്യമായ അവസ്ഥയിലാണ് പുന്നക്കടവ് ബോട്ട് ജെട്ടി.
കവ്വായി ബോട്ട് ടെർമിനലിൽ ടോയ് ലറ്റ് ഇല്ല
ഇതെ പദ്ധതി പ്രകാരം നിർമ്മിച്ച് ഉദ്ഘാടനം നടത്തിയ കവ്വായി ബോട്ട് ടെർമിനലും അധികൃതരുടെ ആലോചനക്കുറവിന്റെ ഇരയാണ്. 4.58 കോടി രൂപ ചെലവഴിച്ച നിർമ്മിച്ച ബോട്ട് ടെർമിനലിൽ ടോയ്ലറ്റ് സൗകര്യം ഒരുക്കാൻ അധികൃതർ മറന്നു.
രണ്ട് വലിയ ഹൗസ് ബോട്ടുകൾ അടുപ്പിക്കാവുന്ന രണ്ട് ബോട്ട് ജെട്ടികൾ , കായൽ സൗന്ദര്യം ആസ്വദിക്കാൻ നടപ്പാത, ഇരിപ്പിടം, വ്യൂ പോയിന്റുകൾ എന്നിങ്ങനെ മികച്ച സൗകര്യം ഒരുക്കുന്നതിനിടയിലാണ് പ്രാഥമികമായി വേണ്ട ടോയ്ലറ്റിന്റെ കാര്യം വിട്ടുപോയത്. ടോയ് ലറ്റ് ഒരുക്കാൻ പയ്യന്നൂർ നഗരസഭ മുന്നോട്ടുവന്നെങ്കിലും നിർമ്മിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരിക്കുകയാണ്.
പ്രതീക്ഷ പകർന്ന പദ്ധതി
കണ്ണൂർ - കാസർകോട് ജില്ലകളിലെ തലശ്ശേരി, കൂത്തുപറമ്പ്, ധർമ്മടം, തളിപ്പറമ്പ്, കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ ഏഴ് പുഴകളെയും ജലാശയങ്ങളെയും ബന്ധിപ്പിച്ച് ആസൂത്രണം ചെയ്തതാണ് റിവർ ക്രൂയിസ് ടൂറിസം പദ്ധതി. 14 ബോട്ട് ജെട്ടികളും 3 ബോട്ട് ടെർമിനുകളുമാണ് ഇതിലുള്ളത്.