കണിച്ചാർ:കാട്ടാനയും കാട്ടുപന്നിയും വരുത്തുന്ന കൃഷിനാശവും വിലത്തകർച്ചയും രോഗങ്ങളും കൊണ്ട് മലയോര കർഷകർ ഒന്നാകെ നട്ടംതിരിയുന്നതിനിടയിൽ കുരങ്ങുകളുടെ ശല്യം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലെത്തി നിൽക്കുകയാണ് ഒരു മലയോരഗ്രാമം. നൂറുകണക്കിന് തെങ്ങുകളുള്ള കണിച്ചാർ അണുങ്ങോട് മേഖലയിലുള്ളവരാണ് കറിക്കുള്ള തേങ്ങ പോലും വില കൊടുത്തുവാങ്ങേണ്ട സ്ഥിതിയുള്ളത്.
പ്രദേശത്തെ ഭൂരിഭാഗം പേരും കൃഷിക്കാരാണ്.കൂട്ടത്തോടെ കൃഷിയിടത്തിൽ ഇറങ്ങുന്ന കുരങ്ങുകൾ തെങ്ങിൽ നിന്നും കരിക്ക് അടർത്തി തിന്നുകയും നശിപ്പിക്കുകയുമാണ്.തുരത്താൻ ശ്രമിച്ചാലും വിജയിക്കാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറഞ്ഞു.ചാടിമറയുന്ന കുരങ്ങുകൾ ആളുകളുടെ ശ്രദ്ധ തെറ്റുമ്പോൾ വീണ്ടുമെത്തി നാശം വിതക്കും. വാഴ, കപ്പ, പച്ചക്കറികൾ എന്നിവയെല്ലാം കുരങ്ങുകൾ പറിച്ചെടുത്ത് നശിപ്പിക്കുകയാണ്. വീടിന് മുന്നിലുള്ള പച്ചക്കറികളും പഴ വർഗ്ഗങ്ങളുമെല്ലാം പറിച്ചെടുക്കുന്ന ഇവ മേൽക്കൂരയിലെ ഓടുകളും ഇളക്കിയെടുത്ത് കളയുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
നഷ്ടപരിഹാരവുമില്ല
കുരങ്ങുകൾ കൃഷി നശിപ്പിച്ചാൽ മതിയായ നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ലെന്നാണ് കർഷകർ വേദനയോടെ പറയുന്നത്. ആറളം വന്യജീവി സങ്കേതത്തിൽ നിന്നാണ് ഇവ കൂട്ടമായി ജനവാസ കേന്ദ്രത്തിലെത്തുന്നത്. വർഷം കഴിയുന്തോറും ഇവയുടെ എണ്ണം പെരുകുകയാണെന്നും നാട്ടുകാർ പറയുന്നു. ആളുകൾ ഇല്ലാത്ത സമയം നോക്കി വീട്ടിൽ കയറി വസ്ത്രങ്ങളും പാത്രങ്ങളുമുൾപ്പെടെ കടത്തുന്ന വിരുതന്മാരും കൂട്ടത്തിലുണ്ട്. നാട് തന്നെ വിട്ടുപോകേണ്ട സ്ഥിതിയാണ് തങ്ങളുടേതെന്ന് അണുങ്ങോട് നിവാസികൾ പരിതപിക്കുന്നു.