കണ്ണൂർ:ഡയാലിസിസ് നടത്തിയ വൃക്ക രോഗികൾക്ക് സൗജന്യമായി മരുന്നു നൽകുന്നതിന് ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ സ്‌നേഹജ്യോതി പദ്ധതി താളംതെറ്റി.ആറുവർഷം മുമ്പ് ആരംഭിച്ച പദ്ധതി കഴിഞ്ഞ ഒന്നരവർഷമായി നിശ്ചലാവസ്ഥയിലാണെന്ന് സ്ഥിതിയിലാണെന്ന് അധികൃതർ പറഞ്ഞു. പദ്ധതി പൂർണമായും നിലച്ചിരിക്കുകയാണെന്ന് രോഗികൾ പറഞ്ഞു. സ്റ്റോക്ക് തീർന്ന മരുന്നുപോലും ജില്ലാ പഞ്ചായത്തിൽ എത്തിക്കുന്നില്ലെന്നാണ് രോഗികളുടെ ആക്ഷേപം.
സ്നേഹജ്യോതിയിലൂടെ വിലകൂടിയ മരുന്നുകൾ സൗജന്യമായി ലഭിച്ചിരുന്നു. കാര്യക്ഷമമായി മുന്നോട്ടുപോയാൽ രോഗികൾക്ക് വലിയതോതിൽ ഉപകാരപ്പെടുന്നതാണ് ഈ പദ്ധതി.വൃക്കരോഗികൾക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നിലപാടാണ് മിക്ക തദ്ദേശസ്ഥാപനങ്ങൾക്കുമെന്നാണ് രോഗികളുടെ ആക്ഷേപം.വൃക്കരോഗികൾക്കുള്ള ഡയാലിസിസ് ധനസഹായ പദ്ധതി നടപ്പാക്കുന്നതിൽ നിർവ്വഹണ ഉദ്യോഗസ്ഥർ വലിയ വീഴ്ച വരുത്തുന്നതായി രോഗികൾ പരാതി ഉന്നയിക്കുന്നുണ്ട്. ആശ്വാസകിരണം സമാശ്വാസ പദ്ധതി ലഭിച്ചിരുന്ന സഹായവും കഴിഞ്ഞ മൂന്ന് വർഷമായി നിലച്ചിരിക്കുകയാണ്.
സേവനമേഖല വേണ്ട
പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ വൃക്കരോഗികൾക്ക് മരുന്നും ഡയാലിസിസിന് ധനസഹായവും നൽകാതെ ജീവകാരുണ്യ പ്രവർത്തനങ്ങളോട് മുഖം തിരിക്കുന്ന സമീപനം സ്വീകരിക്കുന്നതെന്ന ആക്ഷേപം രോഗികൾക്കിടയിലുണ്ട്. ജനകീയാസൂത്രണപദ്ധതി പ്രകാരം ഓരോ വർഷവും ഉത്പാദന മേഖല, സേവന മേഖല, പൊതുമരാമത്ത് എന്നീ മൂന്ന് വിഭാഗങ്ങൾക്ക് വലിയ ഫണ്ട് നീക്കുന്നുണ്ട്. എന്നാൽ സേവനമേഖലയിൽ യാതൊരു പദ്ധതികളും തദേശസ്ഥാപനങ്ങൾ നടപ്പാക്കുന്നില്ലെന്നാണ് ആക്ഷേപം. ഒരു പഞ്ചായത്തിന്റെ കീഴിൽ പരമാവധി ഇരുപതു വൃക്കരോഗികൾ വരെയേ ഉണ്ടാകുള്ളു. ഇവർക്ക് കൃത്യമായി ഡയാലിസിനും മരുന്നു വാങ്ങാനുമുള്ള ഫണ്ട് നൽകിയാൽ രോഗികളുടെ പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കാം. നിരന്തരമായി ഉന്നയിച്ചിട്ടും ഇതിലേക്ക് അധികൃതരുടെ ശ്രദ്ധ തിരിയുന്നില്ല.
അപേക്ഷകൾ പരിഗണിച്ചില്ലെന്നും
വൃക്ക മാറ്റി വച്ച രോഗികൾക്ക് പ്രതിരോധ ശേഷിക്കുള്ള രണ്ടുഗുളികകൾ സ്നേഹജ്യോതി പദ്ധതി പ്രകാരം നൽകിയിരുന്നു. മെഡിക്കൽ ഷോപ്പുകളിൽ 70 രൂപയാണ് ഒരു ഗുളികയുടെ വില .സാധാരണ നിലയിൽ രണ്ട് ഗുളികകളാണ് ഒരുദിവസം കഴിക്കേണ്ടത്. പദ്ധതിയുടെ തുടക്കത്തിൽ 230 പേർക്കാണ് ജില്ലയിൽ മരുന്നുകൾ ലഭിച്ചിരുന്നത്.ഏകദേശം 500 ന് മുകളിൽ അപേക്ഷകരുണ്ടായിരുന്നു .2018 ൽ ആരംഭിച്ച പദ്ധതി പ്രഖ്യാപിച്ച് വെറും 13 ദിവസം മാത്രമാണ് അപേക്ഷകൾ പരിഗണിച്ചത്. തുടർന്നുള്ള വർഷങ്ങളിലൊന്നും അപേക്ഷ ക്ഷണിച്ചതുമില്ല.
വൃക്കരോഗികൾക്കായി സർക്കാർ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളൊന്നും രോഗികളെത്തുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹജ്യോതി പദ്ധതി ഒന്നര വർഷമായി മുടങ്ങിയിരിക്കുകയാണ്.
പ്രേമരാജൻ പുന്നാട് ,പോർഫ സംസ്ഥാന കമ്മിറ്റി അംഗം