rubber

നീലേശ്വരം: തുടർച്ചയായി പെയ്ത മഴയിൽ മരങ്ങൾ ഇലപൊഴിച്ചിൽ രോഗത്തിന്റെ പിടിയിലമർന്നതോടെ റബ്ബർ ഉത്പാദനം പാടെ നിലച്ചു. സാധാരണ നിലയിൽ ജൂലായ്,​ ആഗസ്റ്റ് മാസങ്ങളിൽ കൂടുതൽ പാൽ ലഭിക്കുമെന്നതിനാൽ റെയിൻ ഗാർഡ് ഇട്ട് റബ്ബർ വെട്ടുന്ന പതിവ് ഇക്കുറി തെറ്റി. ഒരില പോലും ശേഷിക്കാത്ത തരത്തിലാണ് മിക്ക തോട്ടങ്ങളും.വില 250ന് മുകളിലേക്ക് ഉയർന്നിട്ടും പ്രയോജനം ലഭിക്കാത്ത അവസ്ഥയിലാണ് കർഷകർ.

റബ്ബറിന്റെ സ്വാഭാവിക ഇലകൊഴിച്ചിൽ ഡിസംബറിലാണ്. എന്നാൽ തുടർച്ചയായി പെയ്ത മഴയിൽ ഇല അപ്പാടെ പൊഴിഞ്ഞുപോകുകയായിരുന്നു ഇക്കുറി. റെയിൻ ഗാർഡിട്ടിട്ടും ഇലയില്ലാത്തതിനാൽ പാൽ നന്നെ കുറവാണ്.ജനുവരി മുതൽ ചൂടു കൂടി ഉത്പാദനം സ്വാഭാവികമായി കുറയും. ഇതിനാൽ ഇക്കുറി റബ്ബർ ഉത്പാദനം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തോതിലേക്ക് ഇടിയുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. മഴ തുടങ്ങിയതിന് ശേഷം ഇതുവരെ പുതിയ റബ്ബർ എത്തിയിട്ടില്ലെന്നാണ് ഭൂരിഭാഗം മലഞ്ചരക്ക് വ്യാപാരികളും പറയുന്നത്. നിലവിൽ മഴ മാറി നിൽക്കുന്നുണ്ടെങ്കിലും വെട്ടുകൂലി പോലും ലഭിക്കാനിടയില്ലാത്തതിനാൽ ബഹുഭൂരിഭാഗം തോട്ടങ്ങളും നിശ്ചലമാണ്.

ഇല തളിർക്കുമ്പോഴേക്കും വില നിൽക്കുമോ?​

കഴിഞ്ഞ മേയ് മാസത്തിൽ 157 രൂപയാണ് റബ്ബറിന് ലഭിച്ചിരുന്നത്. ജൂൺ ,​ജൂലായ് മാസങ്ങളിൽ ഇത് 250ന് മുകളിൽ കടന്നിരുന്നു.ഇന്നലെ കോട്ടയം മാർക്കറ്റിൽ ആർ.എസ്.എസ് നാലിന് 235 രൂപയും ആർ.എസ്.എസ് അഞ്ചിന് 231 രൂപയുമാണ് ലഭിച്ചത്. പുതിയ ഇല കിളിർത്ത് ഉത്പാദനം കൂടുമ്പോഴേക്കും ഈ വില ലഭിക്കുമോയെന്നാണ് കർഷകരുടെ ആശങ്ക.

അകാലിക ഇല പൊഴിച്ചിൽ
അകാലിക ഇല പൊഴിച്ചിൽ രോഗമാണ് ഇപ്പോൾ റബ്ബർ തോട്ടങ്ങളിൽ കണ്ടുവരുന്നത് കുരുമുളകിന് ദ്രുത വാട്ടവും കവുങ്ങിന് മഹാളി രോഗവും പിടിപെടുന്നത് പോലെയാണിത്.മഴ കൂടുമ്പോൾ ഫംഗസ് മൂലമുള്ള രോഗബാധയുണ്ടാകും. ചെമ്പ് ചേർന്ന മിനറൽ ഓയിൽ തളിച്ചാൽ ഒരു പരിധി വരെ ഇല കൊഴിച്ചിൽ തടയാനാകും. ഡോ.കെ.ശ്രീകുമാർ ,​ പടന്നക്കാട് കാർഷിക കോളേജ് കീട വിജ്ഞാന വിഭാഗം മേധാവി.


കഴിഞ്ഞ വർഷം ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ കർഷകരിൽ നിന്ന് ഷീറ്റ് എത്തിത്തുടങ്ങിയിരുന്നു. എന്നാൽ നിലവിൽ പഴയ സ്റ്റോക്ക് മാത്രമാണ് ലഭിക്കുന്നത്. കച്ചവടത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്- കെ. ന്ദീപ്. ചീമേനിയിലെ മലഞ്ചരക്ക് വ്യാപാരി


മഴക്കാലത്ത് റെയിൻ ഗാർഡ് ഇട്ടാൽ മോശമല്ലാതെ പാൽ ലഭിച്ചുവന്നിരുന്നതാണ്. ഈ വർഷം ഇല കൊഴിച്ചിൽ മൂലം ടാപ്പിംഗ് നിർത്തിവെക്കേണ്ടി വന്നു-സുകുമാരൻകീഴ് മാല,​ കർഷകൻ.