പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ ഡോക്ടർ ഇല്ലാത്തതിനാൽ പ്രസവ ശസ്ത്രക്രിയ നിലച്ചിട്ട് ആഴ്ചകളായി.പ്രസവ ശുശ്രൂഷ തേടിയെത്തുന്നവരെ കണ്ണൂരിലേക്കോ തലശ്ശേരിയിലേക്കോ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കോ പറഞ്ഞുവിടുകയാണ് ആശുപത്രി അധികൃതർ. കൂടാതെ ഇ.എൻ.ടി, ഓർത്തോ വിഭാഗങ്ങളിലും നിലവിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ല.
പേരാവൂർ ബ്ലോക്കിലെ കൊട്ടിയൂർ മുതൽ മുഴുവൻ പഞ്ചായത്തുകളിലേയും ആറളം ഫാമിലേയും സാധാരണക്കാരുടെയും ആദിവാസികളുടെയും ഏക ആശ്രയമാണ് പേരാവൂർ താലൂക്ക് ആശുപത്രി.മുമ്പ് സർജറി അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ലഭ്യമായിരുന്നു.വർക്കിംഗ് അറേഞ്ച്മെന്റ് വഴിയാണ് താലൂക്ക് ആശുപത്രിയിൽ അനസ്തെറ്റിസ്‌റ്റിനെ ഇതുവരെ ലഭിച്ചിരുന്നത്. ഇദ്ദേഹം സ്ഥലം മാറി പോയതോടെയാണ് പ്രസവ ശസ്ത്രക്രിയ മുടങ്ങിയത്. മൂന്ന് ഡോക്ടർമാരിൽ ഒരാൾ സ്ഥലം മാറി പോയതോടെ ഗൈനക്കോളജി വിഭാഗത്തിലെ പ്രവർത്തനം താളം തെറ്റുന്ന സ്ഥിതിയിയാണ്.
ബ്ളോക്ക് പഞ്ചായത്ത് യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ്
താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങുന്നതിൽ പ്രതിഷേധിച്ച് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു.ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് താലൂക്ക് ആശുപത്രി.ആശുപത്രിയുടെ ബഹുനില കെട്ടിട നിർമ്മാണം സ്തംഭിച്ചതിലും യു.ഡി.എഫ് പ്രതിഷേധമറിയിച്ചു.മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുമ്പോൾ വേണ്ടപ്പെട്ടവർക്ക് മാത്രം റഫറൻസ് ലെറ്റർ നൽകുകയാണെന്നും യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. സ്വകാര്യ ലോബിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതിയുടേതെന്നും പ്രതിഷേധത്തിന് നേതൃത്വം നൽകിയ യു.ഡി.എഫിലെ ബൈജു വർഗീസ് ആരോപിച്ചു. മറ്റ് യു.ഡി.എഫ് അംഗങ്ങളായ ഇന്ദിരാ ശ്രീധരൻ, പാൽ ഗോപാലൻ എന്നിവർ പ്ലക്കാർഡുകളേന്തി പ്രതിഷേധിച്ചു.