akshitha-

കാസർകോട് : 'സെറിബ്രൽ പാൾസി' എന്ന രോഗവസ്ഥയെ പൊരുതി ജയിച്ച് നൃത്തച്ചുവടുകൾ കൊണ്ട് വേദികൾ കീഴടക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി പന്ത്രണ്ടുവയസുകാരി അക്ഷിത. അൻപത് ശതമാനം അൻപത് ശതമാനത്തോളം കുറവുണ്ടായിട്ടും ഇരുപതോളം വേദികളിൽ നൃത്തം ചെയ്താണ് ഈ ഏഴാംക്ളാസുകാരി ഐ.ബി.ആർ അച്ചീവർ എന്ന ടൈറ്റിലിൽ ദേശീയ ബഹുമതി നേടിയത്.

സെറിബ്രൽ പാൾസിയും സമാനമായ സ്പാസ്റ്റിക് ഡിപ്ളൈജിയയും മൂലം നടക്കാൻ ശ്രമിച്ചാൽ വീഴുന്ന അവസ്ഥയാണ് ഈ കുട്ടിയുടേത്. നൃത്തത്തെ വലിയ ഇഷ്ടമായിരുന്നു വീഴ്ച ഒഴിവാക്കാൻ ചുമരിൽ ചാരിനിന്നും പീഠത്തിന്റെ സഹായത്തോടെയുമായിരുന്നു നൃത്തപഠനം. നൃത്ത പരിശീലനത്തിന് രക്ഷിതാക്കൾ എടുത്തുകൊണ്ടുപോകുകയായിരുന്നു.അഞ്ചാം വയസ്സിൽ ഗ്രാൻഡ് മാസ്റ്റർ ലീജ ദിനൂപിന്റെ കീഴിലാണ് നൃത്തം തുടങ്ങിയത്. 2023 മേയിൽ ശ്രീ കൂർമ്പ ഓഡിറ്റോറിയത്തിൽ അരങ്ങേറ്റം. കലാമണ്ഡലം വനജയുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച് ഗുരുവായൂരമ്പല നടയിൽ അവതരിപ്പിച്ചു. പരിശീലകയുടെ സ്നേഹവും കരുതലും കൂടിയായപ്പോൾ വേദികൾ പിന്നെയും ലഭിച്ചു.

ഒക്ടോബർ എട്ടിന് മുഴക്കുന്ന് ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ഭാരതനാട്യം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അക്ഷിത ഇപ്പോൾ.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഇൻഷുറൻസ് വിഭാഗം ഉദ്യോഗസ്ഥൻ ദയാനന്ദന്റെയും ചെറുവത്തൂർ തിമിരി സഹകരണ പോളി ഹെൽത്ത് കെയർ അഡ്മിനിസ്ട്രേറ്റർ സന്ധ്യായുടേയും മൂന്നു മക്കളിൽ ഇളയവളാണ് അക്ഷിത. ഐഷാനി, അഭിരൂപ് എന്നിവരാണ് സഹോദരങ്ങൾ. മൂന്നു പേരും ഒന്നിച്ചുപിറന്നവരാണ്. അന്നൂർ ചിന്മയ വിദ്യാലയത്തിലാണ് അക്ഷിത പഠിക്കുന്നത്.