പയ്യാവൂർ: കാലങ്ങളായി കൈവരികൾ തകർന്നു കിടക്കുന്ന പയ്യാവൂർ കണ്ടകശ്ശേരിയിലെ പാലം ഒരു മാറ്റവും ഇല്ലാതെ തുടരുന്നു. നിരവധി വാർത്തകൾ ഇതിനോടകം പാലത്തെക്കുറിച്ച് വന്നെങ്കിലും അതുകൊണ്ട് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ബസുകൾ അടക്കം സഞ്ചരിക്കുന്ന ഈ പാലം എത്രയും പെട്ടെന്ന് പുതുക്കി പണിയണമെന്ന ആവശ്യം ഉയർന്നിട്ട് കാലങ്ങളായി. മലയോര ഹൈവേയെ കണിയാർ വയൽ- ഉളിക്കൽ റോഡുമായി ബന്ധിപ്പിക്കുന്നതാണ് പയ്യാവൂർ പൊലീസ് സ്റ്റേഷന് സമീപമുള്ള ഈ പാലം.
പയ്യാവൂരിൽ നിന്ന് ഇരിക്കൂർ, ചാലോട്, കണ്ണൂർ വിമാനത്താവളം, തലശ്ശേരി തുടങ്ങി സ്ഥലങ്ങളിലേക്കുള്ളവർക്ക് ഈ പാലം കടന്നുവേണം പോകാൻ. കാഞ്ഞിലേരി, കണിയാർ വയൽ, ബ്ലാത്തൂർ, തിരൂർ, കല്യാട് തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇതുവഴിയാണ് പോകുന്നത്. നവീകരിച്ച കണിയാർവയൽ -ഉളിക്കൽ റോഡ് കണ്ടകശ്ശേരി തൊട്ട് ഉളിക്കൽ വരെ മലയോര ഹൈവേക്ക് സമാന്തരമായിട്ടാണ് പോകുന്നത്. മലയോര ഹൈവേ ഒഴിവാക്കി ഈ റോഡ് വഴി യാത്ര ചെയ്യുന്നവർ നിരവധിയാണ്.
നിരവധി കുട്ടികളടക്കം ദിവസേന സഞ്ചരിക്കുന്ന പാലമാണിത്.
കൈവരികൾ ഇല്ലാതായത് കാൽനടക്കാർക്ക് പോലും അപകടകരമാണ്. അതുകൂടാതെ പാലത്തിന് ബലക്കുറവ് ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൂടുതൽ അപകടങ്ങൾ വരുത്തിവെക്കുന്നതിന് മുമ്പ് പെട്ടെന്ന് ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.