chithram-1

യാദവവംശജനായ ശ്രീകൃഷ്ണന്റെ വേളി ചിത്രീകരിച്ചത് പെരിഞ്ചല്ലൂർ ബ്രാഹ്മണ സമ്പ്രദായത്തിൽ

കണ്ണൂർ: പെരിഞ്ചല്ലൂർ ബ്രാഹ്മണ സമ്പ്രദായവുമായി ചേർത്ത് യാദവവംശജനായ ശ്രീകൃഷ്ണന്റെ വേളി ചിത്രീകരിച്ച അത്യപൂർവ ചുവർ ചിത്രം തിരിച്ചറിഞ്ഞു.കൂത്തുപറമ്പ് കണ്ണവം തൊടീക്കളം ശിലവപ്പെരുമാൾ ക്ഷേത്രത്തിൽ ശ്രീ കോവിലിന്റെ വടക്കേ ചുവരിലെ ചിത്രങ്ങൾക്കിടയിലാണ് ശ്രീകൃഷ്ണന്റെ വേളിയും താലികെട്ടും ചിത്രീകരിച്ച അത്യപൂർവ രംഗം കോഴിക്കോട് സ്വദേശിയായ ചുവർ ചിത്ര താന്ത്രിക ഗവേഷകൻ സുധീഷ് നമ്പൂതിരി തിരിച്ചറിഞ്ഞത്. .
പാണിഗ്രഹണവും അതോടനുബന്ധിച്ച ഹോമ ക്രിയകളുമാണ് ചിത്രത്തിന്റെ പ്രമേയം. വധുവായ രുഗ്മിണിയുടെ വലതുകൈ കൃഷ്ണൻ പിടിക്കുന്നതാണ് രംഗം. വധുവിന്റെ പെരുവിരൽ തൊടാതെ ബാക്കിയുള്ള നാലുവിരലുകൾ കൂട്ടിപ്പിടിക്കുന്നതാണ് ബ്രാഹ്മണ സമ്പ്രദായം. രുഗ്മിണിയുടെ കഴുത്തിൽ വെളുത്തച്ചരടിൽ പിരിച്ചെടുത്ത താലിച്ചരടിൽ സ്വർണ്ണത്താലി കാണാം. രുഗ്മിണിയും ശ്രീകൃഷ്ണനും പൂണൂൽ പോലെ പിരിച്ച് ഇണമുണ്ട് കെട്ടിയിട്ടുണ്ട്. നമ്പൂതിരി വിവാഹ ചടങ്ങുകളിലേതു പോലെ വധുവിന്റെ സ്ഥാനം വലതുവശത്താണ് . വരനും വധുവും ഉത്തരീയം ധരിച്ചിട്ടാണ്.ഗന്ധർവന്മാരിൽ നിന്നും മറ്റുമുള്ള രക്ഷയ്ക്കായുള്ള ഒരു സുരക്ഷായുധമായ ശരക്കോൽ പിടിച്ച രുക്മിണിയുടെ കഴുത്തിൽ വെളുത്ത ചരടും സ്വർണത്താലിയുമുണ്ട്.നമ്പൂതിരി വേളിയിൽ വധുവിന്റെ പിതാവോ പിതൃ സ്ഥാനീയനോ അണിയിക്കുന്ന മംഗല്യസൂത്രമാണിത്.

പെരിഞ്ചെല്ലൂർ ബ്രാഹ്മണഗ്രാമത്തിലെ വേളി ശൈലിയാണ് ഒറ്റത്താലി .നമ്പൂതിരി വേളിക്രിയ സമ്പ്രദായം കൃത്യമായി ചിത്രീകരിച്ചതിനാൽ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ വൈദിക ബ്രാഹ്മണർ കോട്ടയം രാജവംശത്തിന്റെ ഭരണകാര്യങ്ങളിലുൾപ്പെടെ സ്വാധീനം ചെലുത്തിയിരുന്നുവെന്ന് വിശദമാക്കുന്ന തെളിവാണിതെന്ന് സുധീഷ് നമ്പൂതിരി പറഞ്ഞു. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ഉത്തരകേരളസമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് സി എം.എസ് ചന്തേര മാഷ് സ്മാരക സംഘ വഴക്ക ഗവേഷണ പീഠംനടത്തുന്ന അന്വേഷണത്തിന്നിടയിലാണ് തൊടിക്കളം ക്ഷേത്രത്തിലെ വേളിക്രിയാചിത്രീകരണം ശ്രദ്ധയിൽപ്പെട്ടത്.പഴശ്ശിരാജയുടെ കുടുംബവുമായി ദേവസ്വം ബോർഡിന് കീഴിലുള്ള തൊടിക്കളം ക്ഷേത്രത്തിനു ബന്ധമുണ്ട്.

44 ചുവർചിത്രങ്ങൾ
നാനൂറ് വർഷത്തിലേറെ പഴക്കമുള്ള തൊടീക്കളം ചുവർച്ചിത്രങ്ങളെക്കുറിച്ച് ആദ്യമായി സമഗ്ര പഠനം നടത്തിയത് വിഖ്യാത ചിത്രകാരനായ എ.രാമചന്ദ്രനായിരുന്നു.44 ചുവർ ചിത്രങ്ങളാണ് തൊടീക്കളം ക്ഷേത്രത്തിലുള്ളത്. ചുവർ ചിത്ര ഗവേഷകൻ
ഡോ.എം.ജി.ശശി ഭൂഷൺ, ചിത്രകാരൻ കെ.കെ.മാരാർ തുടങ്ങിയവരും തൊടിക്കളം ചിത്രം പഠിച്ചവരാണ്.എന്നാൽ അവരാരും ശ്രീകൃഷ്ണ രുഗ്മിണി വിവാഹച്ചടങ്ങിലെ പാണിഗ്രഹണത്തിലെ വൈദിക ക്രിയകളെക്കുറിച്ച് സൂക്ഷ്മമായി വിചിന്തനം ചെയ്തിട്ടില്ലെന്ന് സുധീഷ് നമ്പൂതിരി പറഞ്ഞു.