girija

തൃക്കരിപ്പൂർ: സ്വീഡനിലെ ഗോദൻബർഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ തൃക്കരിപ്പൂർ എടാട്ടുമ്മൽ സ്വദേശി എം.വി.ഗിരിജ ഇന്നിറങ്ങും. അറുപത് വയസിന് മുകളിലുള്ളവരുടെ 1500 ഓട്ടം,​ 4 x 4 മീറ്റർ റിലേ എന്നിവയാണ് ഗിരിജയുടെ ഇനങ്ങൾ.

ഒരാഴ്ച മുമ്പാണ് മീറ്റ് ആരംഭിച്ചത്. സ്വീഡനിൽ തണുപ്പും മഴയുമടക്കമുള്ള പ്രതികൂല കാലാവസ്ഥയിലും വലിയ പ്രതീക്ഷയിലാണ് ഈ കായിക താരം. കഴിഞ്ഞ ഫെബ്രവരിയിൽ പൂനയിൽ നടന്ന മാസ്റ്റേർസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ദേശീയ മീറ്റിലെ മികച്ച പ്രകടനമാണ് ഈ മുൻ ആരോഗ്യവകുപ്പ് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സിന്ന് സ്വീഡനിലേക്കുള്ള അവസരം തുറന്നത്.

എടാട്ടുമ്മൽ സുഭാഷ് സ്പോർട്ട്സ് ക്ലബ്ബ് കോച്ച് എ.രാമകൃഷ്ണന്റെ പരിശീലനത്തിൽ ഫുട്ബാളിലും ഗിരിജ വലിയ ശ്രദ്ധ നേടിയിരുന്നു. കാസർകോട് ജില്ലാ ടീമിലെ മികച്ച ഡിഫൻഡറെന്ന നിലയിലാണ് ഫുട്ബാളിൽ തിളങ്ങിയത് .കോഴിക്കോട് തളി ക്ഷേത്രം ജീവനക്കാരൻ കെ.ഗംഗാധരനാണ് ഭർത്താവ്.