waste

ചെറുവത്തൂർ: പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ കർശന തത്സമയ നടപടിയുമായി അധികൃതർ. റോഡരികിൽ തള്ളിയ മാലിന്യത്തിൽ നിന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിൽ ഉടമയെ കണ്ടെത്തി പിഴ ഈടാക്കി. ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ റെയിൽവേ സ്റ്റേഷനു സമീപം കുഴിഞ്ഞാടി റോഡരികിൽ തള്ളിയ മാലിന്യം പരിശോധിച്ചതിൽ നിന്നും കടയുടെ അഡ്രസ്സ് കണ്ടെത്തുകയും തുടർന്ന് അൽ അബ്റാർ ടെക്നോളജീസ് സ്ഥാപന ഉടമയിൽ നിന്നും 5000 രൂപ തൽസമയ പിഴ ഈടാക്കുകയുമായികുന്നു. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെതാണ് നടപടി.

സമീപത്തായി ഷംസുദ്ദീന്റെ ഉടമസ്ഥയിലുള്ള ക്വാർട്ടേഴ്സിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതിനും ഉപയോഗജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കി വിട്ടതിനുമായി 7500 രൂപ പിഴയും ഈടാക്കി. ഒരാഴ്ചയ്ക്കകം മലിനജലം കൃത്യമായി സംസ്കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനും ജൈവ-അജൈവ മാലിന്യ സംസ്കരണത്തിന് സൗകര്യമൊരുക്കുന്നതിനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

പെട്രോൾ പമ്പിന് തൊട്ടടുത്തുള്ള ഷെഡ്ഡിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ആക്രി സാധനങ്ങൾ കൂട്ടിയിടുകയും യഥാസമയം നീക്കാതിരിക്കുകയും പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതിന് ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തി. എത്രയും വേഗം ആക്രി സാധനങ്ങൾ നീക്കം ചെയ്യുന്നതിന് നിർദ്ദേശം നൽകി. തുടർ പരിശോധനകൾ ഉണ്ടാകുമെന്ന് സ്‌ക്വാഡ് ലീഡർ അറിയിച്ചു.